പ്രവർത്തിച്ചത് ആത്മഹത്യാ സ്ക്വാഡ്; ആക്രമണം നവകേരളാ സദസിന്റെ ശ്രദ്ധ മാറ്റാനുള്ള കോൺഗ്രസിന്റെ ആസൂത്രിത പരിപാടി: എം.വി ഗോവിന്ദൻ
ചെടിച്ചട്ടിയുൾപ്പെടെ എടുത്ത് ആക്രമിച്ചതിനെ ന്യായീകരിക്കാനാവുമോ എന്ന ചോദ്യത്തിന് ആര് ന്യായീകരിക്കുന്നു എന്നായിരുന്നു മറുപടി.
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവം നവകേരളാ സദസിന്റെ ശ്രദ്ധ മാറ്റാൻ കോൺഗ്രസ് ബോധപൂർവം ഗൂഢാലോചന നടത്തിയ പരിപാടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആത്മഹത്യ സ്ക്വാഡ് ആണ് പ്രവർത്തിച്ചതെന്നും ഗോവിന്ദൻ ആരോപിച്ചു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. ഒരുതരം കൈയേറ്റവും ഉണ്ടാവാൻ പാടില്ലെന്നും അത്തരം സംഭവങ്ങൾ സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അത്തരം സംഭവങ്ങൾ ഒരിടത്തും ഉണ്ടാവാൻ പാടില്ല. ചെടിച്ചട്ടിയുൾപ്പെടെ എടുത്ത് ആക്രമിച്ചതിനെ ന്യായീകരിക്കാനാവുമോ എന്ന ചോദ്യത്തിന് ആര് ന്യായീകരിക്കുന്നു എന്നായിരുന്നു മറുപടി. കേസൊക്കെ അതിന്റെ രീതിയിൽ കൈകാര്യം ചെയ്യും.
പ്രതിഷേധിക്കാൻ ജനാധിപത്യ അവകാശമുണ്ട്. ഒരു തരം അക്രമവും പാടില്ലെന്നാണ് സിപിഎം നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു. പക്ഷേ ആക്രമണത്തെ അപലപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എന്തിന് അപലപിക്കണം എന്നായിരുന്നു മറുപടി. കരിങ്കൊടി ഉയർത്തി ആത്മഹത്യാ ചെയ്യാൻ വന്നതിനോ? ആത്മഹത്യാ സ്ക്വാഡ് എന്തിനാണ് അവിടെ വന്നത്?- എം.വി ഗോവിന്ദൻ ചോദിച്ചു.
ഇന്നലെയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാരെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്കടിച്ചുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. അക്രമം തടഞ്ഞവരെയും മർദിച്ചെന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ്.ഐ.ആറിൽ പറയുന്നു.
സംഭവത്തിൽ 14 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധക്കാരെ ആക്രമിച്ച സംഭവം ഏറെ വിവാദമായിരുന്നു. പഴയങ്ങാടി എരിപുരത്ത് വച്ചാണ്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം.
വകേരളയുടെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാട്ടിയത്. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരെത്തി മർദിക്കുകയായിരുന്നു.