‘പല നേതാക്കളുടെയും പ്രധാന ലക്ഷ്യം ധനസമ്പാദനം’; എറണാകുളം ജില്ലാ നേതൃത്വത്തെ കടന്നാക്രമിച്ച് എം.വി ഗോവിന്ദൻ

‘രാഷ്ട്രീയബോധം, കമ്മ്യൂണിസ്റ്റ് മൂല്യം തുടങ്ങിയവ ജില്ലയിലെ നേതാക്കള്‍ക്ക് കൈമോശം വന്നിട്ടുണ്ട്’

Update: 2025-01-26 16:17 GMT
Advertising

കൊച്ചി: സിപിഎം എറണാകുളം ജില്ലാ നേതൃത്വത്തെ കടന്നാക്രമിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പല നേതാക്കളുടെയും പ്രധാന ലക്ഷ്യം ധനസമ്പാദനമാണെന്നും ഇത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ജില്ലാ സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്ത് ഗോവിന്ദന്‍ പറഞ്ഞു.

സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് എം.വി ഗോവിന്ദന്‍ ജില്ലാ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം നടത്തിയത്. രാഷ്ട്രീയബോധം, കമ്മ്യൂണിസ്റ്റ് മൂല്യം തുടങ്ങിയവ ജില്ലയിലെ നേതാക്കള്‍ക്ക് കൈമോശം വന്നിട്ടുണ്ട്.

പല നേതാക്കളുടേയും പ്രധാന ലക്ഷ്യം ധനസമ്പാദനമാണ്. അവിഹിതമായി സമ്പാദിക്കുന്ന പണം കൊണ്ട് കൂടുതല്‍ പദവികള്‍ നേടാമെന്ന് അവർ കരുതുകയാണ്. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരക്കുന്ന കാര്യമല്ലെന്ന് ഗോവിന്ദന്‍ ഓർമിപ്പിച്ചു.

ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനെതിരെ പരോക്ഷ വിമർശനമുന്നയിക്കാനും ഗോവിന്ദന്‍ തയ്യാറായി. കൂപ്പർ വിവാദത്തില്‍പെട്ട സിഐടിയു നേതാവ് പി.കെ അനില്‍കുമാറിനെ സി.എന്‍ മോഹനന്‍ സംരക്ഷിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് വിമർശനം.

അവിഹിത സ്വത്ത് സമ്പാദനത്തിന് പാർട്ടി നടപടി നേരിട്ടവരെ സംരക്ഷിക്കുകയാണെന്ന് ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ക്രൈസ്തവ സമുദായം പാർട്ടിയില്‍ നിന്ന് അകന്നുവെന്ന് ജില്ലാ സെക്രട്ടറി അവതിരിപ്പിച്ച റിപ്പോർട്ടിലുണ്ട്. സിപിഎമ്മിനെതിരെ കാസ അടക്കമുള്ള ഗ്രൂപ്പുകള്‍ ചേർന്ന മഴവില്‍ സഖ്യമുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News