'ഇത്ര വലിയൊരു പരാജയം ഉണ്ടാകേണ്ടിയിരുന്നില്ല'; ജെയ്കിന്റെ തോൽവിയിൽ എംവി ഗോവിന്ദൻ
"രാഷ്ട്രീയമായി ഈ തെരഞ്ഞെടുപ്പിനെ നേരിടും എന്ന് ഞങ്ങൾ പറഞ്ഞു. മറുഭാഗത്ത് വൈകാരികതയും സഹതാപവുമാണ് ഉന്നയിച്ചത്"
തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയം സഹതാപ തരംഗം മൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വലിയൊരു പരാജയം പ്രതീക്ഷിച്ചില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
'സർക്കാറിനെതിരായ താക്കീതായി ജനവിധിയെ കാണാനാകില്ല. ഉമ്മൻചാണ്ടിയെ പോലുള്ള ഒരാളുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗമാണ് വിജയത്തിന് കാരണം. അതിനിടയിലും ഇടതുപക്ഷത്തിന് അടിത്തറ നിലനിർത്താനായി. വോട്ട് കുറഞ്ഞതെങ്ങനെ എന്ന് പരിശോധിക്കും. എല്ലാ സമുദായത്തിൽനിന്നും ഇടതുപക്ഷത്തിന് വോട്ടു കിട്ടിയിട്ടുണ്ട്. ബിജെപിക്ക് വലിയ രീതിയിൽ വോട്ടു ചോർച്ചയുണ്ടായി.'- അദ്ദേഹം ചൂണ്ടിക്കാട്ടി.
' ഇത്ര വലിയൊരു പരാജയം ഉണ്ടാകേണ്ടിയിരുന്നില്ല എന്നാണെന്റെ അഭിപ്രായം. തെരഞ്ഞെടുപ്പ് സമയത്തോ വോട്ടിങ്ങിന് ശേഷമോ അമിതമായ ഒരു കാര്യവും ഞങ്ങൾ പറഞ്ഞിട്ടില്ല. എന്നാൽ രാഷ്ട്രീയമായി ഈ തെരഞ്ഞെടുപ്പിനെ നേരിടും എന്ന് ഞങ്ങൾ പറഞ്ഞു. മറുഭാഗത്ത് വൈകാരികതയും സഹതാപവുമാണ് ഉന്നയിച്ചത്.' - ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടും എന്നാണ് ആദ്യം മുതലേ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ എത്ര മാന്യമായ രീതിയിലാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയത്. ഒരു തരത്തിലുള്ള വ്യക്തിപരമായ പരാമർശവും ഉണ്ടാകരുത് എന്ന് എല്ലാ സന്ദർഭത്തിലും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അത് ഞങ്ങൾ ചെയ്തിട്ടേയില്ല. ആ നിലപാടിൽ നിന്നാണ് ഇടതുമുന്നണി ജനങ്ങളെ സമീപിച്ചത്. ബിജെപിയുടെ വോട്ടു വാങ്ങിയെന്ന് വ്യക്തമല്ലേ? അവർക്ക് പകുതി വോട്ടേ കിട്ടിയുള്ളൂ. നല്ല ജാഗ്രതയോടു കൂടി കേരളത്തിൽ പ്രവർത്തിക്കേണ്ടതുണ്ട് എന്നാണ് ഈ ഫലം നൽകുന്ന സൂചന. അതിനെ ഞങ്ങൾ ഗൗരവമായാണ് കാണുന്നത്.' - ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയിൽ 37719 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്റെ ജയം. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33225 വോട്ടിന്റെ ഭൂരിപക്ഷമാണ് മകൻ മറികടന്നത്. ചാണ്ടി ഉമ്മന് ആകെ ലഭിച്ചത് 80,144 വോട്ടാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് 42425 വോട്ടും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് 6558 വോട്ടും ലഭിച്ചു. മണ്ഡലത്തിൽ ജെയ്കിന്റേത് ഹാട്രിക് തോൽവിയാണ്.