'കൂറ്റനാടുനിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്താം'; കെ റെയിലിന്റെ സൗകര്യം വിശദീകരിച്ച് എംവി ഗോവിന്ദൻ

"കോൺഗ്രസെന്നാൽ ഒരു വസ്തു വായിക്കില്ല. ലീഗിനെ പറ്റി പിന്നെ പറയുകയും വേണ്ടല്ലോ. ഒന്നും വായിക്കുന്നില്ല"

Update: 2023-03-04 07:09 GMT
Editor : abs | By : Web Desk
Advertising

പാലക്കാട്: കുടുംബശ്രീക്കാരുടെ അപ്പവിൽപ്പനയ്ക്കു വരെ ഉപകാരപ്പെടുന്ന പദ്ധതിയാണ് കെ റെയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂറ്റനാട് നിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്താൻ കെ റെയിൽ വന്നാൽ ആകുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് പാലക്കാട് തൃത്താലയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.

'കെ റെയിൽ വന്നാൽ മൂന്നു മണിക്കൂർ 54 മിനിറ്റു കൊണ്ട് കാസർക്കോട്ടു നിന്ന് തിരുവനന്തപുരത്തെത്താം. നാഷണൽ ഹൈവേക്ക് എടുക്കുന്ന ഭൂമിയുടെ പകുതി മതി. അതും തിരൂരു വരെ ഭൂമിയൊന്നും എടുക്കേണ്ട. കാരണം അത് റെയിലിന് ഒപ്പം തന്നെ വരും. അതിന് ശേഷം മാത്രമേ ഭൂമി വേണ്ടൂ. കെ റെയിൽ വന്നാൽ അമ്പത് കൊല്ലത്തെ അപ്പുറത്തെ വളർച്ചയാണ് കേരളത്തിന്. 39 വണ്ടിയാണ് അങ്ങോട്ട്. 39 വണ്ടി ഇങ്ങോട്ടും. 20 മിനിറ്റ് ഇടവിട്ട് വണ്ടി. കൂറ്റനാട് നിന്ന് ഒരു വല്യ രണ്ടു കെട്ട് അപ്പവുമായി കുടുംബ ശ്രീക്കാര് പോയി. ഷൊർണൂരിൽനിന്ന് കയറാം. എട്ടു മണിക്ക് വീട്ടിൽ നിന്ന് പുറപ്പെട്ട് എട്ടര മണിക്ക് ഷൊർണൂരെത്താം. ഇരുപത് മിനിറ്റ് കാത്തിരിക്കുകയേ വേണ്ടൂ. പത്തു മിനിറ്റ് കഴിഞ്ഞാൽ വണ്ടി വന്നു. റിസർവേഷനും വേണ്ട. ചെറിയ ചാർജേ ഉള്ളൂ. കൊച്ചിയിലാണ് മാർക്കറ്റ്. എത്ര മിനിറ്റ് വേണം കൊച്ചിയിലേക്ക്. പത്തോ ഇരുപത്തിയഞ്ചോ മിനിറ്റ്. അര മണിക്കൂർ കൂട്ടിക്കോ. കൊച്ചിയിൽ നിങ്ങൾ അപ്പം വിറ്റു. ചൂടപ്പമല്ലേ, അര മണിക്കൂർ കൊണ്ട് അപ്പം വിറ്റുപോകും. ഏറ്റവും നല്ല മാർക്കറ്റാണ് കൊച്ചി. അങ്ങനെ പൈസയും വാങ്ങി, കൊട്ടയുമായി ഒരു ചായയും കുടിച്ച് അവിടെ നിന്ന് കയറുക. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനാകുമ്പോഴേക്ക് കൂറ്റനാടെത്താം. ഇതാണ് കെ റെയിൽ വന്നാലുള്ള സൗകര്യം. അത് എഞ്ചിനീയർമാർക്കും വക്കീലന്മാർക്കും അധ്യാപകർക്കും ജീവനക്കാർക്കും എല്ലാവർക്കും പറ്റും. മാത്രമല്ല, ലക്ഷക്കണക്കിന് വാഹനം റോഡിൽനിന്ന് പിൻവലിക്കാനാകും. കാർബൺ ബഹിർഗമനം കുറയ്ക്കാനാകും.' - എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. 

കെ റെയിൽ വേണ്ടെന്ന യുഡിഎഫ് നിലപാടിനെയും അദ്ദേഹം വിമർശിച്ചു. 'ഇങ്ങനെയെല്ലാം ഗുണമുള്ള ലൈൻ വേണ്ടെന്ന് യുഡിഎഫ് പറയുന്നു. കടം വാങ്ങാൻ പാടില്ലെന്നാണ് പറയുന്നത്. വല്ല വിവരവുമുണ്ടോ? ഇവരെല്ലാം തിയറി വായിക്കണം. കോൺഗ്രസെന്നാൽ ഒരു വസ്തു വായിക്കില്ല. ലീഗിനെ പറ്റി പിന്നെ പറയുകയും വേണ്ടല്ലോ. ഒന്നും വായിക്കുന്നില്ല. ഇതൊക്കെ വായിച്ചുനോക്കണം. അർത്ഥ ശാസ്ത്രത്തിന്റെ ആദ്യഭാഗത്തു തന്നെ പറയുന്നത് മൂലധന നിക്ഷേപത്തിന് വേണ്ടി കടം വാങ്ങാമെന്നാണ്. ശമ്പളം കൊടുക്കാനല്ല, മൂലധന നിക്ഷേപത്തിന്. കെ റെയിലിന് വേണ്ടി 0.5 ശതമാനം പലിശയ്ക്ക് ജപ്പാൻ ബാങ്ക് കടം തരും. 20 കൊല്ലം കഴിഞ്ഞിട്ട് തിരിച്ചടച്ചാൽ മതി. നമ്മുടെ നാടിന്റെ സമ്പത്തിന് കടം വാങ്ങരുത് എന്ന് പറയാൻ പാടുണ്ടോ. കടം വാങ്ങണം എന്നാണ് ബൂർഷ്വാ അർത്ഥശാസ്ത്രം പറയുന്നത്. അമ്പതു കൊല്ലത്തിന്റെ വളർച്ച നമുക്കുണ്ടാകുമായിരുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു കൊണ്ടിരിക്കുന്ന സംസ്ഥാനമായ കേരളം മാറുകയാണ് എന്നും എംവി ഗോവിന്ദൻ അവകാശപ്പെട്ടു. ഭൂമിയില്ലാത്ത ഒരു മനുഷ്യൻ ഇനി കേരളത്തിലുണ്ടാകാൻ പാടില്ല. കേരളത്തിൽ മൂന്നുലക്ഷത്തി നാൽപ്പത്തി രണ്ടായിരം ആളുകൾക്ക ഭൂമിയില്ല, വീടുമില്ല. അവർക്ക് മൂന്നു സെന്റെങ്കിലും ഭൂമി കൊടുക്കണം. അതിന് 10500 ഏക്കർ സ്ഥലം വേണം. അവർക്ക് ഭൂമിയും കൊടുക്കും, വീടും കൊടുക്കും. അതിദരിദ്രരെ പിണറായി ഗവൺമെന്റ് ദത്തെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിദരിദ്രരില്ലാത്ത കേരളത്തിലെ ഒരേയൊരു സംസ്ഥാനമായി കേരളം മാറാൻ പോകുന്നു.- അദ്ദേഹം പറഞ്ഞു. 

ചെലവഴിച്ചത് 41.69 കോടി രൂപ

കെ റെയിൽ പദ്ധതിക്കായി സംസ്ഥാനം ഇതുവരെ 41.69 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്ന് വിവരാവകാശ രേഖകൾ പറയുന്നു. 2022 മാർച്ച് 31 വരെ ഓഡിറ്റ് ചെയ്ത കണക്കാണിത്. കാസർകോടിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് ഇടനാഴി പദ്ധതിക്ക് 63,940.67 കോടി രൂപയാണ് സർക്കാർ കണക്കാക്കുന്ന മുതൽ മുടക്ക്. 530 കിലോമീറ്ററാണ് ആകെ ദൂരം. എന്നാൽ പദ്ധതിക്ക് ഒന്നേകാൽ ലക്ഷം കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Summary: MV govindan comment on k rail





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News