പി. സരിൻ സിപിഎമ്മിലേക്കോ? പ്രതികരിച്ച് എം.വി ഗോവിന്ദൻ

സരിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും

Update: 2024-10-16 09:38 GMT
Advertising

തിരുവനന്തപുരം: പാലക്കാട്ടേ കോൺഗ്രസ് സ്ഥാനാർഥിയെ ചൊല്ലി അസ്വാരസ്യങ്ങളുമായി ​പി.സരിൻ രംഗത്തെത്തിയതോടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സരിനുമായി നിലവിൽ ആശയ വിനിമയം നടത്തിയിട്ടില്ലെന്ന് പ്രതികരിച്ച ഗോവിന്ദൻ എന്താകുമെന്ന് കാത്തിരുന്നു കാണാമെന്നും കൂട്ടിച്ചേർത്തു.

സിപിഎമ്മിൽ ചേരുന്നതിൽ സരിൻ നിലപാട് എടുക്കട്ടെ എന്നായിരുന്നു പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പ്രതികരിച്ചത്. സരിനെ സ്ഥാനാർഥിയാക്കണമോ എന്നത് സരിന്റെ നിലപാട് അനുസരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ പൊട്ടിത്തെറി ഇടതുപക്ഷത്തിന് ഗുണമാകും. സരിനുമായി ബന്ധപെട്ട കാര്യങ്ങൾ ഇന്നത്തെ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. സരിന്റെ നിലപാട് അറിഞ്ഞ ശേഷം സ്ഥാനാർഥിയാക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം വേഗത്തിൽ അറിയിക്കണമെന്ന് നേതാക്കൾ സരിനെ അറിയിച്ചതായാണ് വിവരം.  

Full View

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്ന് വാർത്താസമ്മേളനം വിളിച്ചാണ്  പി.സരിന്‍ ആവശ്യപ്പെട്ടത്. പാലക്കാട് കോൺഗ്രസിന്‍റെ ജയം അനിവാര്യമാണെന്നും ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് കോൺഗ്രസിലെ പൊട്ടിത്തെറി പുറത്തുവന്നത്. 

പാലക്കാട്ടെ യാഥാർഥ്യം പാർട്ടി തിരിച്ചറിയണം. ഈ രീതിയിൽ മുന്നോട്ട് പോയാൽ തോറ്റ് പോയേക്കാം. സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമാണ്. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതുകൊണ്ടല്ല അതൃപ്തി തുറന്നുപറഞ്ഞത്. കെപിസിസി മീഡിയ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് താന്‍ പുറത്തുപോയിട്ടില്ല. ശരിക്കുവേണ്ടിയാണ് ജോലി രാജിവച്ച് ഇറങ്ങിത്തിരിച്ചത്. പോസറ്റീവ് കാര്യങ്ങൾ പറയുന്ന തന്നെ നിസാരനാക്കുന്നു. ശരിക്കുവേണ്ടി ഏതറ്റംവരെയും പോകും. ചിലരുടെ സ്ഥാപിത താത്പര്യങ്ങൾക്ക് വഴങ്ങിയാൽ പാർട്ടി തകരും. യാഥാർഥ്യം മറന്ന് കണ്ണടച്ചാൽ വലിയ വില കൊടുക്കേണ്ടിവരും. പരാതികൾ ചൂണ്ടിക്കാട്ടി മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പുനരാലോചനയ്ക്ക് ഇനിയും അവസരം ഉണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായായിരുന്നു സരിന്‍റെ വാർത്താസമ്മേളനം. ഒരു വ്യക്തിയുടെ പിടിവാശിക്ക് പാര്‍ട്ടി വഴങ്ങരുത്. ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ല. വ്യക്തികളുടെ തീരുമാനത്തിന് വഴങ്ങുന്നത് പാര്‍ട്ടിക്ക് അപകടമാണെന്നു സരിൻ പറഞ്ഞു.

എന്നാല്‍ സരിന്‍റെ വിഷയത്തില്‍ വ്യക്തിപരമായി അഭിപ്രായം പറയാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തന്‍റെ സുഹൃത്താണ് സരിന്‍ . കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News