ഹാന്‍ഡ് ബ്രേക്ക് ഇട്ടാലും കാര്‍ മുന്നോട്ട് പോകുമോ? 'ടിക് ടിക്' ശബ്ദം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എംവിഡി

പാർക്കിംഗ് ബ്രേക്ക് ലിവറിൻ്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ച് നിർത്തുന്നത്

Update: 2024-03-30 03:46 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

തിരുവനന്തപുരം: ഡ്രൈവറുടെ ചെറിയ അശ്രദ്ധകൊണ്ട് വാഹന അപകടങ്ങള്‍ ഉണ്ടാകുന്നതില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഇടുന്നതുപോലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

എംവിഡിയുടെ കുറിപ്പ്

പാർക്കിംഗ് ബ്രേക്ക് / ഹാൻഡ് ബ്രേക്ക് നിസാരക്കാരനല്ല...... " സ്വന്തം വാഹനം ദേഹത്ത് കയറിയ ആൾക്ക് ദാരുണാന്ത്യം" എന്ന തലക്കെട്ടോടെയുള്ള പത്രവാർത്ത വളരെ മാനസിക വിഷമത്തോടെയാണ് വായിച്ചത്. കുഴിയിൽ വീണ വാഹനം കരക്ക് കയറ്റിയ ശേഷം, കേടുപാട് ഉണ്ടോ എന്നറിയാൻ കാറിൻ്റെ അടിവശം പരിശോധിക്കുന്നതിനിടയിൽ, പിന്നോട്ട് നിരങ്ങി ദേഹത്ത് മുൻ ചക്രം കയറി ആൾ മരണപ്പെടുകയായിരുന്നു. ഒരു വാഹനം നിറുത്തി ഡ്രൈവർ പുറത്തിറങ്ങുമ്പോൾ വണ്ടി മുന്നോട്ടോ പിന്നോട്ടോ ഉരുണ്ട് നീങ്ങി ( പ്രത്യേകിച്ചും ചരിവുള്ള പ്രതലങ്ങളിൽ) അപകടം ഉണ്ടാകാതെ തടയുന്നത് ഹാൻഡ് ബ്രേക്ക് അഥവാ പാർക്കിംഗ് ബ്രേക്കാണ്. പാർക്കിംഗ് ബ്രേക്ക് ലിവർ മുകളിലേക്ക് വലിച്ച് ലോക്ക് ചെയ്യുമ്പോൾ വാഹനത്തിൻ്റെ പിൻചക്രത്തിലെ ബ്രേക്ക് പ്രവർത്തനക്ഷമമാക്കുന്നതാണ് ഇതിൻ്റെ പ്രവർത്തനം എന്ന് ലളിതമായി പറയാം. പാർക്കിംഗ് ബ്രേക്ക് ലിവറിൻ്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ച് നിർത്തുന്നത്. ചിലർ ലിവറിൻ്റെ മുകളിലുള്ള നോബ് ഞെക്കിപ്പിടിച്ച് ലിവർ മുകളിലേക്ക് ഉയർത്തുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ തെറ്റായി ചെയ്യുമ്പോൾ ബ്രേക്ക് ശരിയായി ലോക്ക് ആകില്ല.

ബ്രേക്ക് റിലീസ് ചെയ്യുമ്പോഴാണ് ലിവറിൻ്റെ മുകളിലെ നോബ് പ്രസ് ചെയ്യേണ്ടത് എന്നുകൂടി മനസിലാക്കുക. ലിവർ മുകളിലേക്ക് വലിക്കുമ്പോൾ "ടിക് ടിക്" ശബ്ദം കേൾക്കുന്നത് ഒന്നു ശ്രദ്ധിക്കുമല്ലൊ. റാച്ചറ്റിൻ്റെ ടീത്തിൽ ലോക്ക് ആകുന്ന ശബ്ദമാണിത്. സാധാരണയായി 4 മുതൽ 9 വരെ 'ടിക്' ശബ്ദമാണ് വാഹന നിർമ്മാതാക്കൾ നിഷ്കർഷിക്കുന്നത്. ലിവർ വിലക്കുമ്പോൾ ഇതിൽ കൂടുതൽ തവണ "ടിക്" ശബ്ദം കേട്ടാൽ ഹാൻഡ് ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യാറായി എന്ന് മനസിലാക്കാം. വാഹനം നിർത്തി പുറത്തിറങ്ങും മുൻപ് ഗിയറിൽ ഇടാനും മറക്കരുത്. വാഹനം ന്യൂട്രൽ പൊസിക്ഷനിൽ ആണെങ്കിൽ പോലും " പാർക്കിംഗ് ബ്രേക്ക് " ശരിയായി പ്രവർത്തിപ്പിച്ചിട്ടുണ്ടെങ്കിൽ സുരക്ഷ ഉറപ്പുവരുത്താം. ഇപ്പോൾ മനസ്സിലായില്ലേ..." പാർക്കിംഗ് ബ്രേക്ക് " നിസാരക്കാരനല്ലെന്ന്. ചെറിയ അശ്രദ്ധ കൊണ്ട് അപകടം വിളിച്ച് വരുത്താതിരിക്കൂ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News