ലീഗിന് നേരെ വിരൽചൂണ്ടി മുസ്‌ലിം സമുദായത്തെ നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കരുത്: നജീബ് കാന്തപുരം
നീതി ചോദിക്കുന്നവരുടെ നെറ്റിയിൽ തീവ്രവാദമൊട്ടിക്കുന്നത് മോദിസമാണ്. താങ്കൾക്കിപ്പോൾ ചേരുന്നത് ഏത് പട്ടമാണെന്ന് ജനങ്ങൾക്ക് നന്നായറിയാം....
ലീഗിന് നേരെ വിരൽചൂണ്ടി മുസ് ലിം സമുദായത്തെ നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ടെന്ന് നജീബ് കാന്തപുരം എംഎൽഎ. മുഖ്യമന്ത്രിയുടെ ആഗ്രഹം നടക്കില്ലെന്നും അങ്ങേക്ക് ഈ സമുദായത്തെക്കുറിച്ചും മുസ്‌ലിം ലീഗ് പാർട്ടിയെക്കുറിച്ചും ഒരു ചുക്കുമറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബഹുമാന്യനായ മുഖ്യമന്ത്രീ,
താങ്കൾ മുസ്‌ലിം ലീഗിനെതിരെ നടത്തുന്ന ഓരോ വിമർശനവും ഞങ്ങൾ പൂമാലകളായി സ്വീകരിക്കുന്നു. നിങ്ങൾ എണ്ണിത്തരുന്നത് വാങ്ങിക്കഴിച്ച് നിങ്ങളുടെ ചിറകിനടിയിൽ ഒരു സമുദായം നിൽക്കണമെന്ന ധിക്കാരപരമായ നിലപാട് ആരു പരിഗണിക്കാൻ.....
സ്വന്തം അസ്തിത്വവും ആത്മാഭിമാനവും അതിലേറെ അവകാശ ബോധവുമുള്ള ഒരു ജനതയാണ് കേരളത്തിലെ മുസ്‌ലിംകൾ. ഞങ്ങൾ നീതിയാണ് ആവശ്യപ്പെട്ടത്.
താങ്കൾ ഇരട്ട നീതിയാണ് നടപ്പാക്കിയത്.
ഭരണഘടനക്കും നിയമ സംവിധാനങ്ങൾക്കും എതിരെയാണ് നിങ്ങൾ നിയമമുണ്ടാക്കിയത്. അത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് ഞങ്ങൾ നിരന്തരം ആവശ്യപ്പെടുന്നത്.
മുസ്‌ലിം ലീഗിനെ തകർക്കാൻ എന്നും മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ച താങ്കൾ സമുദായത്തിനകത്തെ ഏതെല്ലാം കക്ഷികൾക്കൊപ്പമാണ് കിടക്കപ്പായ പങ്കിട്ടതെന്ന് മറക്കരുത്. ലീഗ് അന്നുമിന്നും ഈ നാടിനെ ഒന്നിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ.
നിങ്ങൾ ലീഗിനു നേരെ വിരൽ ചൂണ്ടി മുസ്‌ലിം സമുദായത്തെ നിശബ്ദമാക്കാമെന്നാണ് വ്യാമോഹിക്കുന്നത്. അത് നടപ്പില്ല മുഖ്യമന്ത്രീ...
അങ്ങേക്ക് ഈ സമുദായത്തെക്കുറിച്ചും മുസ്‌ലിം ലീഗ് പാർട്ടിയെക്കുറിച്ചും ഒരു ചുക്കും മനസ്സിലായിട്ടില്ലെന്ന് മാത്രമെ പറയാനുള്ളൂ.
നീതി ചോദിക്കുന്നവരുടെ നെറ്റിയിൽ തീവ്രവാദമൊട്ടിക്കുന്നത് മോദിസമാണ്. താങ്കൾക്കിപ്പോൾ ചേരുന്നത് ഏത് പട്ടമാണെന്ന് ജനങ്ങൾക്ക് നന്നായറിയാം....