നാമജപ യാത്രക്കെതിരായ കേസ്: എൻ.എസ്.എസ് ഹൈക്കോടതിയിലേക്ക്
പൊലീസ് നടപടി പ്രകോപനപരമെന്നാണ് എൻ.എസ്.എസിന്‍റെ വിലയിരുത്തൽ
കോട്ടയം: തിരുവനന്തപുരത്തെ നാമജപ യാത്രക്കെതിരായ കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എൻ.എസ്.എസ്. ഇക്കാര്യത്തില്‍ എൻ.എസ്.എസ് നേതൃത്വം നിയമോപദേശം തേടി. പൊലീസ് നടപടി പ്രകോപനപരമെന്നാണ് എൻ.എസ്.എസിന്‍റെ വിലയിരുത്തൽ. കേസെടുത്തതിനെതിരെ പരസ്യ പ്രതിഷേധത്തിനും എൻ.എസ്.എസ് ആലോചിക്കുന്നുണ്ട്.
മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് എന്‍.എസ്.എസ് നാമജപ യാത്ര നടത്തിയത്. അനധികൃതമായി സംഘംചേരൽ, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നാമജപ യാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ കേസെടുത്തത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി.
ആർ.എസ്.എസ് പ്രചാരകൻ എസ് സേതുമാധവന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പെരുന്നയിലെത്തി സുകുമാരൻ നായരുമായി ചർച്ച നടത്തി. വി.എച്ച്.പി, അയ്യപ്പസേവാ സംഘം നേതാക്കളും സംഘത്തിലുണ്ടായിരുന്നു. കേസെടുത്ത നടപടിക്കെതിരെ യു.ഡി.എഫ് നേതാക്കളും രംഗത്തുവന്നു. മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. അതേസമയം എ.എന്‍ ഷംസീറിന് ഉറച്ച പിന്തുണയുമായി സി.പി.എം നേതാക്കള്‍ രംഗത്തെത്തി.