ദേശീയ പണിമുടക്ക് സംസ്ഥാനത്ത് രണ്ടാം ദിനവും പൂര്‍ണം; അവശ്യസര്‍വീസ് മാത്രം നടത്തി കെ.എസ്.ആര്‍.ടി.സി
ചിലയിടങ്ങളില്‍ തുറന്ന വ്യാപാര സ്ഥപനങ്ങള്‍ സമരാനുകൂലികള്‍ അടപ്പിച്ചു
ദേശീയ പണിമുടക്ക് സംസ്ഥാനത്ത് രണ്ടാം ദിനവും പൂര്‍ണം. ചിലയിടങ്ങളില്‍ തുറന്ന വ്യാപാര സ്ഥപനങ്ങള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദിച്ചെന്നും തലയിൽ തുപ്പിയെന്നും പരാതിയുണ്ടായി. അധിക സര്‍വീസ് നടത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എംഡിയുടെ നിര്‍ദേശമുണ്ടായിരുന്നിട്ടും സര്‍വീസ് നടത്താന്‍ തൊഴിലാളികള്‍ തയ്യാറായില്ല. മെഡിക്കല്‍ കോളേജിലേക്കും ആര്‍.സി.സിയിലേക്കുള്ള അവശ്യസര്‍വീസ് മാത്രമായിരുന്നു കെ.എസ്.ആര്‍.ടി.സി നടത്തിയത്. മറ്റിടങ്ങളില്‍ സര്‍വീസ് നടത്താന്‍ തയ്യാറായ തൊഴിലാളികളെ സമരാനുകൂലികള്‍ തടഞ്ഞു. തിരുവനന്തപുരം പാപ്പനംകോട് ജംങ്ഷനില്‍ കണ്ടക്ടറെ മര്‍ദിക്കുകയും തലയില്‍ തുപ്പുകയും ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം ലുലുമാളിന് മുന്നില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെയായിരുന്നു ഉപരോധം. ലുലുവില്‍ ജോലിക്കെത്തിയ ജീവനക്കാരെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡയസ്നോണ്‍ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റില്‍ ആകെ ഹാജരായത് 212 പേർ മാത്രമാണ്. 4824 പേരാണ് സെക്രട്ടേറിയേറ്റില്‍ ആകെ ജോലി ചെയ്യുന്നത്.
മലപ്പുറത്തുനിന്ന് തലസ്ഥാനത്ത് എത്തിയ യാത്രക്കാരനെ സമരക്കാര്‍ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടു. കൊല്ലത്തും വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കി. കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലിക്കെത്തിയവരെ തടഞ്ഞതോടെ ജീവനക്കാര്‍ മടങ്ങി. മൂന്നാറില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് അരീക്കാടില്‍ വ്യാപാരികളെ സമരാനുകൂലികള്‍ മര്‍ദിച്ചു.
പാലക്കാട് ആലത്തൂര്‍ കാവശേരിയില്‍കെ എസ്ഇബി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റു. കൊല്ലം ചിതറയിലെ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകരെ ഭീഷണപ്പെടുത്തിയതായും പരാതിയുണ്ട്. പണിമുടക്കിനെ പരാജയപ്പെടുത്താന്‍ ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. പല ജില്ലകളിലും കടകമ്പോളങ്ങള്‍ അടഞ്ഞ് തന്നെ കിടന്നു. രാവിലെ തുറന്ന പെട്രോള്‍ പമ്പുകള്‍ പ്രതിഷേധത്തെതുടര്‍ന്ന് പിന്നീട് അടക്കുന്ന സാഹടര്യവും സംസ്ഥാനത്ത് ഉണ്ടായി.