മന്ത്രിസ്ഥാനത്തിനായി ചരട് വലി ഊർജിതമാക്കി തോമസ് കെ തോമസ്
ശരദ് പവാര്‍ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടനാട് എംഎല്‍എ
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിനായി ചരട് വലി ഊർജിതമാക്കി തോമസ് കെ തോമസ് എംഎൽഎ. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുമായുള്ള തർക്കങ്ങൾ പരിഹരിച്ചതോടെ ദേശീയ നേതൃത്വം മന്ത്രിമാറ്റ ആവശ്യം അംഗീകരിക്കുമെന്നാണ് തോമസ് കെ തോമസിന്റെ പ്രതീക്ഷ. ശരദ് പവാറുമായി സംസ്ഥാന നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചയും നീക്കത്തിന്റെ ഭാഗമാണ്.
എൻസിപിയിലേക്ക് പി.സി ചാക്കോ വന്ന കാലം മുതൽ ഉടക്കിലാണ് തോമസ് കെ തോമസ്. മന്ത്രിസ്ഥാനം വീതം വെക്കണം എന്നായിരുന്നു ആദ്യത്തെ ആവശ്യം. വീതം വെപ്പ് എന്ന ധാരണ പാർട്ടിയിൽ ഇല്ലെന്ന് പ്രഖ്യാപിച്ച് എ.കെ ശശിധരന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു പി.സി ചാക്കോ. ഇതോടെ പരസ്യമായി ഇടഞ്ഞ തോമസ് കെ തോമസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയെ തന്നെ തള്ളിപ്പറഞ്ഞു. പി.സി ചാക്കോ നിയമിച്ച ജില്ലാ അധ്യക്ഷനെ അംഗീകരിക്കാതെ നിരന്തരം ജില്ലാ കമ്മിറ്റിയിൽ തർക്കങ്ങൾ ഉണ്ടാക്കുകയും സമാന്തര സംഘടനാ പ്രവർത്തനം ആരംഭിക്കുക വരെ ചെയ്തു. ഒടുവിൽ എല്ലാ തർക്കങ്ങളും പരിഹരിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി വരെ അംഗീകരിച്ച് പി.സി ചാക്കോയുമായി ധാരണയിൽ എത്തുകയായിരുന്നു കുട്ടനാട് എംഎൽഎ.
നാളെയോ മറ്റെന്നാളോ സംസ്ഥാന നേതാക്കളുമായി മുംബൈയിൽ ദേശീയ അധ്യക്ഷൻ ശരത് പവാർ കൂടിക്കാഴ്ച നടത്തും. പി.സി ചാക്കോ ദേശീയ നേതൃത്വത്തിന്റെ മുന്നിൽ അനുകൂല നിലപാടെടുത്താൽ ശരദ് പവാര്‍ അതിനെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ തോമസ്. തീരുമാനം അനുകൂലമായാൽ എ.കെ ശശീന്ദ്രനെ അനുനയിപ്പിക്കുക എന്നതാണ് അടുത്ത കടമ്പ. അതുകൂടി വിജയിച്ചാൽ ആലപ്പുഴയ്ക്ക് മൂന്നാമതൊരു മന്ത്രിയെ കൂടിയാവും ലഭിക്കുക.