മന്ത്രി സ്ഥാനത്തു നിന്നു നീക്കാൻ എൻസിപി; വഴങ്ങാതെ ശശീന്ദ്രൻ
എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി
തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റാൻ എൻസിപിയിൽ ശക്തമായ നീക്കം. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുടെ പിന്തുണയോടെയാണ് നീക്കം നടക്കുന്നത്. ചാക്കോ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്ന് ആവർത്തിക്കുകയാണ് ശശീന്ദ്രൻ. ചർച്ചക്ക് വന്ന പാർട്ടി നേതാക്കളോടും ശശീന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കി.
അതേസമയം മന്ത്രി സ്ഥാനം എൻസിപിയുടെ ആഭ്യന്തര കാര്യമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതു മുതൽ തോമസ് കെ.തോമസ് മന്ത്രിസ്ഥാനത്തിനു വേണ്ടി രംഗത്തുണ്ട്. രണ്ടര വർഷത്തിനു ശേഷമെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. പി.സി.ചാക്കോ ഉൾപ്പെടെയുള്ളരുടെ പിന്തുണ ആദ്യഘട്ടത്തിൽ ശശീന്ദ്രനായിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യം മാറി.
സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുടെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്‍റെ പിടിവള്ളി. അടുത്തിടെ ചില മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പടെ ഇടപെട്ട് തോമസ് കെ തോമസിനെയും പിസി ചാക്കോയെയും അനുനയത്തിലെത്തിച്ചു. ഇതോടെയാണ് തോമസ് കെ തോമസ് നീക്കം കടുപ്പിച്ചത്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ കൂടി നേടിയാണ് ശശീന്ദ്രനെതിരായ പടയൊരുക്കം. വിഷയത്തില്‍ തോമസ് കെ തോമസ് നാളെ ശരദ് പവാരിനെ കാണും. പി.സി.ചാക്കോയും പവാറുമായുളള കൂടികാഴ്‍ചയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ശശീന്ദ്രൻ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.