സ്വകാര്യ പണമിടപാട് സ്ഥാപനം പ്രതിസന്ധിയിൽ; പണം തിരികെ ലഭിക്കാതെ നിക്ഷേപകർ
25,000 മുതൽ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്
പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനം പ്രതിസന്ധിയിലായതോടെ നിക്ഷേപകർ ദുരിതത്തിൽ. തിരുവല്ല ആസ്ഥാനമായ നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ നിന്ന് നിക്ഷേപത്തുക തിരികെ കിട്ടുന്നില്ലെന്നാണ് പരാതി. പരാതിക്കാര്‍ സംഘടിതമായി സ്ഥാപന ഉടമയുടെ തിരുവല്ലയിലെ വീട്ടിലെത്തി പ്രതിഷേധിച്ചു.
കേരള കോണ്‍ഗ്രസ് (എം) മുന്‍ ജില്ലാ പ്രസിഡന്റ് എന്‍.എം രാജുവിന്റെ വീട്ടിലേക്കാണ് നിക്ഷേപകര്‍ പ്രതിഷേധവുമായി എത്തിയത്. സ്വദേശത്തും വിദേശത്തും വര്‍ഷങ്ങളോളം ജോലി ചെയ്തു സമ്പാദിച്ച പണം നഷ്ടപ്പെട്ടു എന്ന തോന്നലാണ് നിക്ഷേപകർക്ക് 25,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്.
കഴിഞ്ഞ 8 മാസമായി കാലാവധി ആയ നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. പലിശ നല്‍കുന്നത് നിര്‍ത്തിയിട്ട് നാലുമാസത്തോളമായെന്നും നിക്ഷേപകർ പറയുന്നു.
പണം എന്നു മടക്കി കൊടുക്കുമെന്ന ചോദ്യങ്ങളോട് വ്യക്തമായ മറുപടി സ്ഥാപന ഉടമയ്ക്കുമില്ല. നിക്ഷേപകരുടെ പരാതികളിന്മേല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിരവധി ശാഖകളുള്ള പണമിടപാട് സ്ഥാപനമാണ് നെടുംപറമ്പില്‍.