നീലേശ്വരം വെടിക്കെട്ട് അപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം
തിരുവനന്തപുരം: നീലേശ്വരം വെടിക്കെട്ടപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കാസർകോട് ജില്ലാ കലക്‌ടർക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് അന്വേഷണ ചുമതല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നടപടി.
കാസര്‍കോട് ഗവ. ഗസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. തിങ്കളാഴ്‌ച രാത്രിയാണ് വെടിക്കെട്ട് അപകടമുണ്ടായത്. സംഭവത്തിൽ 154 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിൽ ക്ഷേത്ര പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തിരുന്നു. ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചിതറിയോടുന്നതിനിടെ പലർക്കും പരിക്കേൽക്കുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളജ്, കണ്ണൂർ മിംസ് എന്നിവിടങ്ങളിൽ ചികിത്സയിലുള്ളവരാണ് ഗുരുതരനിലയിലുള്ളത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.