സ്‍മാർട്ട് ആയി ലൈസൻസ്; സംസ്ഥാനത്ത് പുതിയ ലൈസൻസ് കാർഡ് നാളെ ഉദ്ഘാടനം ചെയ്യും
പിവിസി കാർഡുകളാണ് ഇറക്കുന്നത്. ഇതിൽ 8 സെക്യൂരിറ്റി ഫീച്ചേഴ്‌സുകൾ ഉണ്ടാവും.
സീരിയൽ നമ്പർ, ക്യൂ ആർ കോഡ് അടക്കം ഏഴിലധികം സുരക്ഷാ ഫീച്ചറുകൾ, പിവിസി പെറ്റ് ജി കാർഡ്.. സംസ്ഥാനത്തെ ലൈസൻസ് അടിമുടി മാറുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ കാർഡ് രൂപത്തിലുള്ള ലൈസൻസ് ചൂണ്ടിക്കാട്ടി മലയാളികൾ പരാതി പറയാൻ തുടങ്ങിയിട്ട് നാളേറെയായി. സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു.
ഒടുവിൽ ലൈസന്‍സ് പേപ്പറില്‍ പ്രിന്റ് ചെയ്‌ത ലാമിനേറ്റഡ് കാർഡുകളോട് വിട പറയാൻ നേരമായിരിക്കുന്നു. സ്‍മാർട്ട് ആവുകയാണ് കേരളത്തിലെ ലൈസൻസ്. പുതിയ ലൈസൻസ് കാർഡ് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. ദീർഘനാളായി മലയാളികൾ ഉന്നയിക്കുന്ന ആവശ്യമായതിനാൽ വെറും സ്‍മാർട്ട് കാർഡ് മാത്രമായിരിക്കില്ല പുതിയ ലൈസൻസ്. നിരവധി പ്രത്യേകതകളോടെയാണ് സ്‍മാർട്ട് ലൈസൻസ് രംഗത്തെത്തുക.
ഏഴിലധികം സുരക്ഷാ ഫീച്ചറുകൾ ലൈസൻസിൽ ഉണ്ടായിരിക്കും. സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്‌സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ.ആര്‍ കോഡ് എന്നിവയാണ് ലൈസൻസിൽ സജ്ജമാക്കിയിരിക്കുന്നത്. പി.വി.സി. പെറ്റ് ജി കാര്‍ഡില്‍ മൈക്രോചിപ്പും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം നടപ്പാക്കുകയും ചെയ്‌തിരുന്നു.
പുതിയ പി.വി.സി. പെറ്റ് ജി കാര്‍ഡിലുള്ള ലൈസൻസ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഇനി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സർട്ടിഫിക്കറ്റ് കൂടി കാര്‍ഡ് രൂപത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.