പൂനെയിലെ പരിശോധനാഫലം പോസിറ്റീവ്; സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു: ആരോഗ്യമന്ത്രി
ചികിത്സയിലുള്ള രണ്ടുപേർക്കാണ് ഇപ്പോൾ നിപ സ്ഥിരീകരിച്ചത്.
കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച വ്യക്തിയുടേത് ഉൾപ്പെടെ അഞ്ചുപേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ചികിത്സയിലുള്ള നാലുപേരിൽ ഒമ്പത് വയസുള്ള കുട്ടിക്കും മരിച്ചയാളുടെ ഭാര്യാ സഹോദരനും പോസ്റ്റീവാണ്. ആദ്യം മരിച്ച വ്യക്തിക്ക് നിപയുണ്ടായിരുന്നു എന്നാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചികിത്സയിലുള്ള രണ്ടുപേർക്കാണ് ഇപ്പോൾ നിപ സ്ഥിരീകരിച്ചത്. മരിച്ച വ്യക്തിയുടെ നാല് വയസുള്ള മകൾക്കും ചികിത്സയിലുള്ളയാളുടെ 10 മാസം പ്രായമുള്ള കുഞ്ഞിനും നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലും നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
നിപ സ്ഥീരികരിച്ചവരുമായി ബന്ധപ്പെട്ട എല്ലാവർക്കും പരിശോധന നടത്തും. ഇവരുടെ റൂട്ട് മാപ്പ് വിശദമായി കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. മരിച്ചയാളുടെ ഭാര്യ അടക്കമുള്ളവർ ഐസൊലേഷനിലായതിനാൽ പൂർണമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.