നിപ: ഹൈ റിസ്കിൽപ്പെട്ട 15 പേരുടെ ഫലം ഇന്ന്; 950 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍
പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമായി സർവകക്ഷി യോഗം ഇന്ന് ചേരും.
കോഴിക്കോട്: ഹൈ റിസ്കിൽ പെട്ട പതിനഞ്ചു പേരുടെ പരിശോധന ഫലം കൂടി ഇന്ന് വരും. നിപയുമായി ബന്ധപ്പെട്ട് നിലവിലെ സമ്പർക്ക പട്ടികയിൽ 950 പേരാണുള്ളത് അതിൽ 213 പേരാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം അയച്ച പതിനൊന്നു സാമ്പിളുകളുകളും നെഗറ്റീവ് ആയിരുന്നു.
പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമായി സർവകക്ഷി യോഗം ഇന്ന് ചേരും. ആരോഗ്യ മന്ത്രി വീണ ജോർജ്, ജില്ലയിലെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും. നിപ ഉറവിട കേന്ദ്രങ്ങൾ എന്ന് കരുതുന്ന പ്രദേശങ്ങളിൽ ജില്ലയിലെത്തിയ കേന്ദ്ര സംഘം സന്ദർശനം നടത്തും. ഡോ ബാലസുബ്രമണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളിൽ പരിശോധന നടത്തും. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മാധ്യമ പ്രവർത്തകരടക്കം സംഘത്തെ അനുഗമിക്കരുതെന്നു കളക്ടർ അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ കോഴിക്കോട് മൊബെെൽ യൂണിറ്റിൽ പരിശോധന തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.