നിപ; 15കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു, മോണോ ക്ലോണൽ ആന്റിബോഡി ഇന്നെത്തും
214 പേർ നിരീക്ഷണത്തിൽ, രോഗലക്ഷണം കണ്ടാൽ ഐസൊലേഷനിലേക്ക് മാറ്റും
കോഴിക്കോട്: നിപ സ്ഥിരീകരിച്ച 15 വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ മേൽനോട്ടത്തിൽ മെഡിസിൻ വിഭാഗം ഡോക്ടർ ജയേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചികിത്സ. മോണോ ക്ലോണൽ ആന്റിബോഡി ഇന്നെത്തുമാണ് പ്രതീക്ഷിക്കുന്നത്.
നിപ്പ പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ ഡിപ്പാർട്ട്‌മെൻറിലെയും വിദഗ്ധരെ ഉൾപ്പെടുത്തി ടീം ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളും ക്രമീകരിച്ചു. നിരീക്ഷണത്തിലുള്ള 214പേരിൽ ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ ഇവിടേക്ക് മാറ്റും.
മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ പൂർണമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്‌കൂളുകൾ, കോളേജുകൾ, മദ്രസ്സകൾ,അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രാവിലെ മലപ്പുറം ഗസ്റ്റ് ഹൗസിൽ പ്രത്യേക യോഗം ചേരും. രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
നിപ നാൾവഴി
ഇത് അഞ്ചാം തവണയാണ് സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിക്കുന്നത്. മൂന്ന് തവണയും കോഴിക്കോട് ജില്ലയിലായിരുന്നു രോഗബാധ. 2018 മേയ് അഞ്ചിനാണ് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില മുഹമ്മദ് സാബിത്ത് മരിക്കുന്നത്. അന്നൊരു പനിമരണമായി രേഖപ്പെടുത്തിയ സംഭവത്തിൽ മെയ് 18 ന് സഹോദരനും ബന്ധുവും മരിക്കുന്നതോടെ ചിത്രം മാറി. നിപ വൈറസ് ആണ് മരണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തക സിസ്റ്റർ ലിനിയടക്കം 17 പേർ മരിച്ചു.
രോഗം സ്ഥിരീകരിച്ച നഴ്‌സിംഗ് സ്റ്റുഡന്റ് അജന്യയും മലപ്പുറം സ്വദേശി ഉബീഷും ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തി. സാബിത്ത് ആദ്യം ചികിത്സ തേടിയ പേരാമ്പ്ര ആശുപത്രിയിൽ നിന്നാണ് നഴ്സ് ലിനി അടക്കമുള്ളവർക്ക് രോഗം പടരുന്നത്. തുടർന്ന് രോഗലക്ഷണം കണ്ടവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആദ്യം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്തതോടെ രോഗവ്യാപനം തടയാനായി.
2018 ജൂൺ 30ന് മലപ്പുറം, കോഴിക്കോട് ജില്ലകളെ നിപ മുക്തമായ് പ്രഖ്യാപിച്ചു. എന്നാൽ തൊട്ടടുത്ത വർഷം സംസ്ഥാനത്ത് വീണ്ടും നിപയെത്തി. . എറണാകുളം പറവൂർ സ്വദേശിയായിരുന്ന എഞ്ചിനീയറിംഗ് വിദ്യാർഥിക്കാണ് നിപ സ്ഥിരീകരിച്ചത്. 54 ദിവസത്തെ ചികിത്സയ്ക്കു ശേഷം അസുഖം മാറി. സമ്പർക്കത്തിൽ വന്ന മൂന്നൂറിലധികം പേരെ അന്ന് നിരീക്ഷണത്തിലാക്കിയിരുന്നു.
പിന്നീട് 2021ലും സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. സെപ്റ്റംബർ ആറിന് കോഴിക്കോട് ചാത്തമംഗലം പാഴൂർ സ്വദേശിയായ 12 വയസ്സുകാരൻ മുഹമ്മദ് ഹാഷിം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് വൈറസ് ബാധയെ തുടർന്ന് മരിച്ചു . കുട്ടിയുടെ ബന്ധുക്കളായിരുന്നു സമ്പർക്ക പട്ടികയിലുണ്ടായിരുന്നത്. മുൻ കരുതൽ സ്വീകരിച്ചിരുന്നതിനാൽ മറ്റാരിലേക്കും പടർന്നില്ല.
2023 ഓഗസ്റ്റിൽ കോഴിക്കോട് വീണ്ടും നിപയെത്തി. ആയഞ്ചേരി, മരുതോങ്കര സ്വദേശികളായ രണ്ട് പേരാണ് നിപയെ തുടർന്ന് മരിച്ചത്. മരുതോങ്കര സ്വദേശിയുടെ മകനും നിപ സ്ഥിരീകരിച്ചെങ്കിലും ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം 9 വയസ്സുകാരനായ ഈ കുഞ്ഞും ജീവിതത്തിലേക്ക് തിരികെയെത്തി.