നിപ: 42 സാമ്പിളുകൾ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആരോഗ്യമന്ത്രി
ഹൈ റിസ്കിൽ പെട്ട 42 സാമ്പിളുകളുടെ ഫലം നെഗറ്റീവ്.
കോഴിക്കോട്: നിപയിൽ ആശ്വാസം. ഹൈ റിസ്കിൽ പെട്ട 42 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. കുറച്ചു ഫലം കൂടി വരാനുണ്ട്. പുതിയ ആക്ടീവ് കേസുകളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ ചികിത്സയിലുള്ള ഒൻപതു വയസ്സുകാരനടക്കം നാലുപേരുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്താൻ ശ്രമം ഊർജിതമാക്കും. മൊബൈൽ ടവർ ലൊക്കേഷൻ നോക്കി പൊലീസിന്റെ സഹായത്തോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കും. സിസിടിവിയും പരിശോധിക്കും മന്ത്രി പറഞ്ഞു. ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തെക്കുറിച്ച് പരിശോധന നടക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ സംഘവും സംസ്ഥാന സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഹൈ റിസ്കിൽ ലക്ഷണങ്ങളുള്ള എല്ലാവരുടേയും സാമ്പിളുകൾ എടുക്കുന്നുണ്ട് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.