നിപ പ്രതിരോധം: ഐ.സി.എം.ആർ സംഘം ഇന്ന് രാത്രി കോഴിക്കോട്ടെത്തും

നിപ സംശയിച്ച് ചികിത്സയിലിരുന്ന 68കാരന്റെ പ്രാഥമിക ഫലം നെ​ഗറ്റീവ്

Update: 2024-07-21 16:17 GMT
Advertising

തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ 14കാരൻ നിപ ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) സംഘം ഇന്ന് കോഴിക്കോട്ടെത്തുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ ജി സജിത്ത് കുമാർ. രാത്രി 10 മണിയോടെയാണ് സംഘം കോഴിക്കേോട്ടെത്തുക. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കൽ വിദഗ്ധരുമാടങ്ങുന്ന സംഘമാണിത്.

നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി നാളെ ) രാവിലെയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തും. ഇതോടെ പൂനൈ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധന ഇവിടെ വച്ച് തന്നെ നടത്താനും ഫലം വേഗത്തിൽ തന്നെ ലഭ്യമാക്കാനും സാധിക്കും.

Full View

നിലവിൽ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 68കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. മെഡിക്കൽ കോളേിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് നിപ ബാധയില്ലെന്ന് വ്യക്തമായത്. ഇദ്ദേഹത്തെ നിലവിൽ ട്രാൻസിറ്റ് ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പൂനൈയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകകരിക്കും.

നിപബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പിജി ഡോക്ടർമാർ, ഹൗസ് സർജൻമാർ ഉൾപ്പെടെയുള്ള നേരത്തേ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ തുടങ്ങിയവർക്കായാണ് റീ-ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുക. ഒപി പരിശോധനയെയും ക്ലാസ്സുകളെയും ബാധിക്കാത്ത രീതിയിൽ വിവിധ സെഷനുകളായി നടത്തുന്ന പരിശീലന പരിപാടി നാളെ തന്നെ ആരംഭിക്കും. സാംപിൾ കളക്ഷൻ, നിപ പ്രതിരോധം, ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകും. ഇതിനായി മൈക്രോ ബയോളജി ഡിപ്പാർട്ട്‌മെന്റിന് ചുമതല നൽകിയതായും പ്രിൻസിപ്പാൾ അറിയിച്ചു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News