നിപ; കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും

14-കാരന് നിപ സ്ഥിരീകരിച്ചതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും

Update: 2024-07-22 01:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലപ്പുറം: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും. ഐസിഎംആറിലെ നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കൽ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. 14-കാരന് നിപ സ്ഥിരീകരിച്ചതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും .

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മെഡിക്കൽ ലാബ് ഇന്ന്  കോഴിക്കോട് മെഡിക്കൽ കോളജിലെത്തും. ഇതോടെ സ്രവ പരിശോധന ഇവിടെ വച്ച് തന്നെ നടത്താനാകും. രാവിലെ ഒൻപത് മണിയോടെ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ മലപ്പുറം കലക്ട്രേറ്റിൽ അവലോകന യോഗം ചേരും. 330 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുളളത്.

ഇവരിൽ 101 പേർ ഹൈറിസ്കിലാണുള്ളത്. ഇവരുടെ സ്രവം പരിശോധനക്ക് അയക്കും.മൃഗസംരക്ഷണ വകുപ്പ് പാണ്ടിക്കാട് ,ആനക്കയം പഞ്ചായത്തുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. ആനക്കയം , പാണ്ടിക്കാട് പഞ്ചായത്തുകളിലെ നിയന്ത്രണം തുടരും.

നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മന്ത്രിവീണാ ജോർജ് മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിപ നിയന്ത്രണത്തിനായി നിപ മാർഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി 25 കമ്മിറ്റികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപീകരിച്ചു.

കോണ്ടാക്ട് ട്രെയ്സിംഗ് ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 246 പേരും അതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 63 പേരുമാണ് നിലവിലുള്ളത്. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News