നിപ: പുതിയ പോസിറ്റീവ് കേസുകളില്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ആരോഗ്യ മന്ത്രി
ഇന്ന് അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 1,192 പേരാണ് സമ്പർക്ക പട്ടികയിലുള്ളതെന്നും ഇന്ന് അഞ്ചു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവരെന്നും നിപ അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. നിപ വ്യാപനം നിയന്ത്രണവിധേയമായെന്ന സൂചനയാണ് നൽകുന്നത്. രണ്ടാം ഘട്ട വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇപ്പോൾ ചികിത്സയിലുളളവരുടെ ആരോഗ്യ നില തൃപ്തീകരം. വെൻ്റിലേറ്ററിൽ കഴിയുന്ന ഒമ്പതു വയസുകാരൻ്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച ആരോഗ്യപ്രവർത്തകയും ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.
ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട 11 പേരുടെ പരിശോധന ഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. നിപ പോസിറ്റീവായ വ്യക്തിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതോടെ ഹൈറിസ്‌ക് റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 94 പേരുടെ ഫലം നെഗറ്റീവായി. മരുതോംകര സ്വദേശിക്ക് വൈറസ് ബാധിച്ചത് കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അടിസ്ഥാനത്തിലാകും പരിശോധന. ഇതിനായി പൊലീസ് സഹായം തേടുമെന്ന് മന്ത്രി പറഞ്ഞു.