പുറത്താക്കിയത് ഹരിത വിഷയത്തിലെ നിലപാടിന്റെ പേരിൽ; വിശദീകരണം ചോദിച്ചില്ല-എംഎസ്എഫ് മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ
പാർട്ടിയുടെ നേതാക്കൻമാരിൽ പലരും പുറത്താക്കിയ കാര്യം അറിഞ്ഞിട്ടില്ല. ചിലരെ പ്രീതിപ്പെടുത്താനായിരിക്കണം പുറത്താക്കിയത്. ഹരിത വിഷയത്തിൽ നീതിക്ക് വേണ്ടിയാണ് സംസാരിച്ചത്.
പുറത്താക്കിയത് ഹരിത വിഷയത്തിലെ നിലപാടിൻറെ പേരിലെന്ന് എംഎസ്എഫ് മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. സംഘടനാ നടപടിക്രമം പാലിക്കാതെയാണ് തന്നെ മാറ്റിയത്. പുറത്താക്കിയ വിവരം അറിഞ്ഞത് ചന്ദ്രികയിലൂടെ. പാർട്ടിയിൽ നിന്ന് ആളുകളെ പുറത്താക്കുന്നത് മാത്രമാണ് പിഎംഎഎ സലാമിന്റെ ജോലിയെന്നും ലത്തീഫ് പറഞ്ഞു.
ഇന്ന് തന്നെ കാണാൻ വന്ന സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞാണ് ഹരിത വിഷയത്തിൽ നിലപാടെടുത്തതിനാണ് തന്നെ മാറ്റിയതെന്നാണ് അറിയുന്നത്. നടപടിയുടെ കാര്യം അദ്ദേഹം പറഞ്ഞില്ല. താൻ പങ്കെടുത്ത കഴിഞ്ഞ ലീഗ് സംസ്ഥാന കമ്മറ്റിയിൽ ഈ വിഷയം വന്നില്ല. ഹരിത നേതാക്കൾക്ക് അപമാനകരമായ അനുഭവം നേരിട്ടതിന് സാക്ഷിയാണ്. അക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെന്നും ലത്തീഫ് പറഞ്ഞു.
അഭിമാനകരമായ അസ്തിത്വം എന്ന നിലപാടിൽ നിന്ന് ചില നേതാക്കൾ മാറിപോകുകയാണ്. ആരാണ് തനിക്കെതിരെ നടപടിയെടുത്തെതെന്ന് അറിയില്ല. പാർട്ടിയുടെ നേതാക്കൻമാരിൽ പലരും പുറത്താക്കിയ കാര്യം അറിഞ്ഞിട്ടില്ല. ചിലരെ പ്രീതിപ്പെടുത്താനായിരിക്കണം പുറത്താക്കിയത്. ഹരിത വിഷയത്തിൽ നീതിക്ക് വേണ്ടിയാണ് സംസാരിച്ചത്. നേതാക്കൾ പറഞ്ഞതിനാൽ മിനുട്‌സ് ഹാജരാക്കിയിട്ടില്ല. ആബിദ് ഹുസൈൻ തങ്ങളുടെ കൈയിലാണ് മിനുട്‌സ് കൊടുത്തത്. മിനുട്‌സ് തിരുത്താൻ പറഞ്ഞത് നേതാക്കൾ. പിഎംഎ സലാം, സി പി ചെറിയ മുഹമ്മദ്, ആബിദ് ഹുസൈൻ തങ്ങളുടെയും ഇടപെടലാണ് ഇപ്പോഴുള്ള നടപടിക്ക് പിന്നിൽ. സംഘടനയുടെ പോക്കുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം തുറന്നു പറയുമെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.
പെൺകുട്ടികളെ അപമാനിച്ചവർക്കെതിരെ നടപടിയില്ല. പെൺകുട്ടികളെ പുറത്താക്കി. നൂലിൽ കെട്ടിയിറക്കിയ പ്രസിഡന്റാണ് ഇപ്പോൾ എംഎസ്എഫിനുള്ളത്. പിഎംഎ സലാം ഡെയിലി വേജ്കാരനാണ്. സലാം പാർട്ടിയെ തകർക്കും. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ എം ഫയാസ് പറഞ്ഞു.