ആരെയും കരുതല്‍ തടങ്കലിൽ വെച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല: പിണറായി വിജയന്‍
സമരക്കാരുടെ സുരക്ഷയെ കരുതി കൂടിയാണ് അവരെ തടഞ്ഞത്. പൗരന്റെ അവകാശങ്ങൾ ലംഘിക്കുന്ന നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: തനിക്ക് പരിപാടിയുള്ള ജില്ലകളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ച കയറുന്നത് ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. അത് സത്യമണ്. എന്നാൽ ആരേയും അനധികൃതമായി കരുതൽ തടങ്കലിൽ വെച്ചതായി അറിയില്ല. സമരക്കാരുടെ സുരക്ഷയെ കരുതി കൂടിയാണ് നടപടി. പൗരന്റെ അവകാശങ്ങൾ ലംഘിക്കുന്ന നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഭയിൽ പ്രതിപക്ഷ എം.എൽ.എമാരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിരവധിയാളുളെയാണ് സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗനമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
അതേസമയം ഷുഹൈബ് വധക്കേസിൽ ശരിയായ അന്വേണം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കിയല്ല നടപടിയെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'കേസിലാകെ 17 പ്രതികളാണുള്ളത്. കുറ്റമറ്റ അന്വേഷണമാണ് നടന്നത്. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രതികളെയും പ്രതികൾക്ക് സഹായം നൽകിയവരെയും ഗൂഡാലോചന നടത്തിയവരെയും പിടികൂടിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഒന്നാംപ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ച് മറ്റൊരു കേസിൽ പ്രതിയായി.17/2/2023 ന് ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. കേസ് തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കാട്ടി ശുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സുപ്രിംകോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാട് കിട്ടാത്തതിനാൽ ഹരജി പിൻവലിച്ചു.
കേസ് അന്വേഷണം സുതാര്യമല്ലെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ പോരായ്മ ചൂണ്ടിക്കാട്ടി യാതൊരു പരാതിയും ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതാണ്.അതുകൊണ്ട് തന്നെ ഇത് സഭയിൽചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടി.സിദ്ധിഖ് എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഷുഹൈബിനെ കൊലപ്പെടുത്തിയത് പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണെന്ന് ആകാശ് വെളിപ്പെടുത്തിയിട്ടും സർക്കാർ തുടരന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നാണ് ആരോപണം.