'ഭിന്നശേഷിക്കാരനെ മർദിച്ചതിൽ പാർട്ടിക്കാരില്ല, പ്രതിപക്ഷം രക്തസാക്ഷിയെ ഉണ്ടാക്കാൻ ശ്രമിക്കുന്നു'; മന്ത്രി സജി ചെറിയാൻ
പ്രതിപക്ഷം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി വി.ശിവൻ കുട്ടി
പത്തനംതിട്ട: ആലപ്പുഴയിൽ ഭിന്നശേഷിക്കാരനെ മർദിച്ചതിൽ പാർട്ടിക്കാർ ആരുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വാർത്തകൾ പടച്ചുണ്ടാക്കുകയാണ്. ഞങ്ങളുടെ മെക്കിട്ടു കയറാൻ വരുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് ഒരു രക്തസാക്ഷിയെ വേണം, അതിനുള്ള കലാപശ്രമമാണ് നടക്കുന്നതെന്നും സജി ചെറിയാൻ പത്തനംതിട്ടയിൽ പറഞ്ഞു.
'മാന്യമായും മര്യാദയ്ക്കും നടക്കുന്ന പരിപാടിയാണ് നവകേരള സദസ്സ്. അറപ്പുളവാക്കുന്ന തെറികളാണ് വിളിക്കുന്നത്. കൂത്തുപറമ്പിൽ അഞ്ചു പേരെ വെടിവെച്ചു കൊന്നത് എന്തിനാണ് ? മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ വേണ്ടിയാണല്ലോ അത് ചെയ്തത്. ഞങ്ങൾ അതൊന്നും ചെയ്യുന്നില്ല.മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടവർ അത് ചെയ്യും.' മന്ത്രി സജിചെറിയാൻ മീഡിയവണിനോട് പറഞ്ഞു.
അതേസമയം, പ്രതിപക്ഷം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി വി.ശിവൻ കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷ അത്യാവശ്യമാണ്. സുരക്ഷ ഒരുക്കേണ്ടവർ അത് ചെയ്യുമെന്നും ശിവൻകുട്ടി പറഞ്ഞു. ഇന്നലെയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടത്തിലിനെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കായംകുളത്തായിരുന്നു കരിങ്കൊടി കാണിച്ചത്. അജിമോൻ കണ്ടെത്തലിനെ അറസ്റ്റ് ചെയ്തിരുന്നു.
നവകേരള സദസിന്‍റെ ടിഷര്‍ട്ടിട്ട വളന്‍റിയര്‍മാരാണ് ആക്രമണം അഴിച്ചുവിട്ടത്. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിക്കാനുള്ള നീക്കത്തിനിടെയായിരുന്നു സംഭവം. ഇരുകാലുകളുമില്ലാത്ത അജിമോനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ക്ക് പൊലീസ് സഹായം ചെയ്തെന്നും പരാതിയുണ്ട്.