കെ.പി.സി.സി അധ്യക്ഷന്‍: ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പേരുകള്‍ നിര്‍ദേശിച്ചേക്കില്ല

മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയില്‍ ഗ്രൂപുകള്‍ അസ്വസ്ഥരാണ്.

Update: 2021-05-25 13:33 GMT
Editor : Suhail | By : Web Desk
Advertising

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പേരുകള്‍ നിര്‍ദേശിച്ചേക്കില്ല. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയുള്ള അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. അതിനിടെ കെ.പി.സി.സി പുനസംഘടന വേഗത്തിലാക്കാനായി അശോക് ചവാന്‍ സമിതി ഓണ്‍ലൈന്‍ മുഖേനെ നേതാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി.

തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കുന്ന അശോക് ചവാന്‍ സമിതി റിപോര്‍ട്ടിന് ശേഷം പുനസംഘടനയെന്ന നിലപാടിലാണ് ഹൈക്കമാന്‍റ്. നടപടികള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായിഎം.എല്‍.എമാരില്‍ നിന്നും സമിതി ഓണ്‍ലൈന്‍ മുഖേന വിവര ശേഖരണം തുടങ്ങി. എം.പിമാരില്‍ നിന്നും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളില്‍ നിന്നും അടുത്ത ദിവസം അഭിപ്രായം തേടും.

റിപോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി സമിതി അംഗങ്ങള്‍ കേരളത്തിലെത്തിയേക്കും. അതേ സമയം പേരുകള്‍ നിര്‍ദേശിക്കേണ്ടതില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും. ഐ ഗ്രൂപ്പില്‍ ഏകോപിത അഭിപ്രായമില്ലെങ്കിലും രമേശ് ചെന്നിത്തലയും സമാന നിലപാട് സ്വീകരിക്കുന്നു. മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയില്‍ ഗ്രൂപുകള്‍ അസ്വസ്ഥരാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍റ് തന്നെ തീരുമാനിക്കട്ടയെന്ന നിലപാട് ഇവര്‍ ഉയര്‍ത്തുന്നത്. നിലവിലെ അവസ്ഥയില്‍ താന്‍ പാര്‍ട്ടിയെ നയിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിനാല്‍ യുക്തമായ തീരുമാനം വേഗത്തില്‍ എടുക്കണമെന്ന ഹൈക്കമാന്‍റിനോട് ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News