'എക്സാലോജിക് ഷെൽ കമ്പനിയോ?'; ആർഒസിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ സിഎംആർഎൽ
22 ചോദ്യങ്ങളില്‍ ആറ് എണ്ണത്തിന് മാത്രമാണ് സിഎംആര്‍എല്‍ മറുപടി നല്‍കിയത്. ഇടപാടുകളിലെ ക്രമക്കേടുകള്‍ ഉണ്ടെന്ന വാദം ശക്തിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സോഫ്റ്റ്‌വെയർ കമ്പനിയും സിഎംആര്‍എല്ലും നടത്തിയ ഇടപാടുകളിൽ കേരള ആർഒസി (രജിസ്ട്രാർ ഓഫ് കമ്പനീസ്) നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും പുറത്ത്. ഇടപാടുകളിലെ ക്രമക്കേടുകള്‍ ഉണ്ടെന്ന വാദം ശക്തിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്.
അഴിമതി പണം വെളുപ്പിക്കാനുള്ള ഷെല്‍ കമ്പനിയാണോ എക്സാലോജിക് എന്ന ആർഒസിയുടെ ചോദ്യത്തിന് സിഎംആര്‍എല്‍ മറുപടി നൽകിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള 22 ചോദ്യങ്ങളില്‍ ആറ് എണ്ണത്തിന് മാത്രമാണ് സിഎംആര്‍എല്‍ മറുപടി നല്‍കിയത്. 2017ല്‍ 36 ലക്ഷവും 2018ല്‍ 60 ലക്ഷവും 2019ല്‍ 15 ലക്ഷവും സിഎംആര്‍എല്‍ വീണാ വിജയന്‍റെയും എക്സാലോജിക്കിന്റേയും സേവനത്തിനായി നല്‍കി.
പക്ഷെ ഈ കാലയളവില്‍ ഒരു സേവനവും സിഎംആര്‍എലിന് നല്‍കിയിട്ടില്ല എന്ന് കേരള ആർഒസിയുടെ റിപ്പോര്‍ട്ടിലും ഉണ്ട്. മറുപടികൾ ദുരൂഹവും വ്യക്തതയില്ലാത്തതുമാണ്. എക്സാലോജിക്കിനും കെഎസ്ഐഡിസിക്കും സിഎംആർഎലും എതിരെ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
വീണാ വിജയന്റെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് 55 ലക്ഷം രൂപ എത്തിയതിലും വ്യക്തതയില്ലെന്ന് വിശദമാക്കുന്ന ബംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനി റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള കരാറിനപ്പുറം വ്യക്തിപരമായ കരാറില്ല. മാത്രമല്ല, എക്സാലോജിക്കും വീണയും നൽകിയ സേവനങ്ങൾ വേർതിരിച്ച് എടുക്കാനും കഴിയില്ല. ഇക്കാര്യത്തിൽ എക്സാലോജിക് നൽകിയ രേഖകൾ അപര്യാപ്തമാണെന്നും ആർഒസി റിപ്പോർട്ടിലുണ്ട്.
55 ലക്ഷം രൂപയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും വീണ ഒഴിഞ്ഞ് മാറിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു .പൊതു മണ്ഡലത്തിലുള്ള കാര്യം എന്ന നിലയ്ക്കുള്ള ചോദ്യത്തിന് വിശദാംശങ്ങൾ വേണമെന്നായിരുന്നു വീണയുടെ നിലപാട്.