കേരളത്തിന് അസാധ്യമായ ഒന്നുമില്ല; വിഴിഞ്ഞം തുറമുഖം വികസനത്തിന് കരുത്തേകും: മുഖ്യമന്ത്രി
തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവായ് 15ന് ഉജ്ജ്വല വരവേൽപ്പ്.
തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന വാക്കില്ലെന്ന് വിഴിഞ്ഞത്ത് കപ്പൽ അടുത്തതോടെ തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിന്റെ ഏറ്റവും അടുത്ത നിമിഷത്തിലാണ് നിൽക്കുന്നത്. ഏത് പ്രതിസന്ധിയേയും അത് എത്ര വലുതായാലും അതിനെ അതിജീവിക്കുമെന്ന് ഒരുമയിലൂടെയും ഐക്യത്തിലൂടെയും തെളിയച്ചതാണ്. അതാണ് ഇവിടെയും കാണാനാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുപോലൊരു തുറമുഖം ലോകത്ത് തന്നെ അപൂർവമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സാന്നിധ്യത്തിലൂടെ വരാൻ പോകുന്ന വികസനം ഭാവനകൾക്ക് അപ്പുറമായിരിക്കും. വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാനക്കാരുടെ ജീവിതനിലവാരത്തോതിലേക്ക് കേരളത്തിലെ ജനങ്ങളെയും ഉയർത്തുകയാണ് ലക്ഷ്യം. വിഴിഞ്ഞം രാജ്യത്തിന്റെയാകെ അഭിമാനമായ പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവായ് 15നെ മുഖ്യമന്ത്രി ഫ്‌ളാഗ് ഇൻ ചെയ്ത് വരവേറ്റു. തുടർന്ന് ഔദ്യോഗികമായി ബെർത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകൾ നടന്നു. വാട്ടർ സല്യൂട്ടോടെയാണ് ബെർത്തിലേക്ക് അടുപ്പിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, ശശി തരൂർ എം.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.