പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: പ്രതിപ്പട്ടികയിലുള്ള നാല് പേർക്കും നോട്ടീസ്; ഏഴ് ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് നിര്‍ദേശം
ഡോ. സി.കെ രമേശൻ, ഡോ. ഷഹന എം നഴ്‌സുമാരായ എം. രഹന, കെ.ജി മഞ്ജു എന്നിവർക്കാണ് നോട്ടീസ് നൽകിയത്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പ്രതിപ്പട്ടകയിലുള്ള നാല് പേർക്കും നോട്ടീസ് നൽകി. ഡോ. സി.കെ രമേശൻ, ഡോ. ഷഹന എം നഴ്‌സുമാരായ എം. രഹന, കെ.ജി മഞ്ജു എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് കേസിലെ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് കോടതിയിൽ സമർപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായിരുന്ന രണ്ടു ഡോക്ടർമാരും രണ്ട് നേഴ്‌സുമാരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഒന്നാംപ്രതി മഞ്ചേരി മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ സി.കെ.രമേശനാണ്. ഇപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ.എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് ഐ എം സി എച്ചി ലെ നഴ്സുമാരായ എം രഹന, മഞ്ജു കെ ജി എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റുള്ളവർ. ഹര്‍ഷിന 2017 നവംബര്‍ 30ന് പ്രസവശസ്ത്രക്രിയ നടത്തുമ്പോള്‍ ഗൈനക്കോളജി വിഭാഗം അസിസ്റ്റന്‍റ് പ്രഫസറായിരുന്നു ഡോക്ടര്‍ രമേശന്‍. ഡോ. ഷഹനാ ജൂനിയര്‍ റസിഡന്‍റും.2017 നവംബറിലാണ് ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്.
മെഡിക്കൽ നെഗ്‌ലിജെൻസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത് . പ്രതിപട്ടികയിലുള്ള നാല് പേർക്കും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകും. നേരത്തെ പ്രതി പട്ടികയിലുൾപ്പെടുത്തിയിരുന്ന ഡോക്ടർമാരെ ഒഴിവാക്കാനുള്ള അപേക്ഷയും കോടതിയിൽ നൽകിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് എ സി പി കെ സുദർശൻ പുതുക്കിയ പ്രതിപ്പട്ടിക കുന്ദമംഗംലം ജെ എഫ് സി എം കോടതിയില്‍ സമര്‍പ്പിച്ചത്.