ചങ്കുറപ്പുള്ളവന് ലഭിക്കുന്ന അവാര്‍ഡാണ് കെ.സുധാകരനെതിരെയുള്ള കേസ്: എന്‍.എസ് നുസൂര്‍
കെപിസിസി പ്രസിഡന്റിനെതിരെ കുതിരകയറാൻ ശ്രമിക്കുന്ന സിപിഎം നേതാക്കൾ ആദ്യം ചങ്ങലക്കിടേണ്ടത് എംഎം മണിയെ അല്ലേ എന്ന് എന്‍.എസ് നുസൂര്‍
ചങ്കുറപ്പുള്ളവന് ലഭിക്കുന്ന അവാര്‍ഡാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയുള്ള കേസെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ് നുസൂര്‍. കെപിസിസി പ്രസിഡന്റിനെതിരെ കുതിരകയറാൻ ശ്രമിക്കുന്ന സിപിഎം നേതാക്കൾ ആദ്യം ചങ്ങലക്കിടേണ്ടത് എംഎം മണിയെ ആണെന്നും അതിന് പൊലീസിന് കഴിയില്ലെന്നും നുസൂര്‍ ഫെയിസ് ബുക്കില്‍ കുറിച്ചു. ഈ കേസ് കെപിസിസി പ്രസിഡന്റിനുള്ള അംഗീകാരമായി അഭിമാനത്തോടെ ഞങ്ങൾ കാണുന്നു. ചങ്കുറപ്പുള്ളവനുള്ള അവാർഡാണ് അദ്ദേഹത്തിനെതിരെയുള്ള കേസെന്നും നുസൂര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഇന്നാണ് പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിൻസന്‍റിന്‍റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത് അധിക്ഷേപമാണ്, അതുകൊണ്ട് കേസെടുക്കണം എന്നാണ് പരാതിയിൽ പറയുന്നത്.
ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശമാണ് വിവാദമായത്. തൃക്കാക്കരയിൽ മുഖ്യമന്ത്രി ചങ്ങല പൊട്ടിച്ച നായയെപ്പോലെ നടക്കുകയാണ് എന്നായിരുന്നു സുധാകരന്‍റെ പരാമർശം. എന്നാൽ വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. മലബാറിലെ നാട്ടുഭാഷയാണ് താൻ ഉപയോഗിച്ചതെന്നും ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ അത് പിൻവലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
ചങ്ങല അഴിച്ചുവിട്ട നായയെ പ്പോലെയാണ് മുഖ്യമന്ത്രി എന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനക്കെതിരെ സർക്കാർ നിർദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ സ്വാഗതം ചെയ്യുന്നു. പട്ടികൾക്ക് സംസാരശേഷിയില്ലാത്തതിനാൽ അവരെ അപമാനിച്ചു എന്ന് പറഞ്ഞു മൊഴിനൽകാൻ കഴിയില്ല എന്നതാവും പോലീസിനെ കുഴക്കുന്ന പ്രശ്നം. കെപിസിസി പ്രസിഡന്റിനെതിരെ കുതിരകയറാൻ ശ്രമിക്കുന്ന സിപിഎം നേതാക്കൾ ആദ്യം ചങ്ങലക്കിടേണ്ടത് എംഎം മണി സഖാവിനെയല്ലേ? അതിന് പൊലീസിന് കഴിയില്ലല്ലോ? അടിമപ്പട്ടാളങ്ങളെ കുറ്റംപറയാൻ ഞങ്ങൾ തയ്യാറല്ല. എന്നാൽ ഈ കേസ് കെപിസിസി പ്രസിഡന്റിനുള്ള അംഗീകാരമായി അഭിമാനത്തോടെ ഞങ്ങൾ കാണുന്നു. "ചങ്കുറപ്പുള്ളവനുള്ള അവാർഡാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്..."