ഇപോസ് മെഷീന് തകരാര്‍: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഭാഗികമായി മുടങ്ങി
മുമ്പും ഇത്തരത്തില്‍ കിറ്റ് വിതരണത്തില്‍ സാങ്കേതിക തകരാര്‍ നേരിട്ടിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഭാഗികമായി മുടങ്ങി. ഇപോസ് മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് വിതരണം ഭാഗികമായി നിലച്ചത്.
നിലച്ച കിറ്റ് വിതരണം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭാഗികമായി മാത്രമാണ് വിതരണം തടസ്സപ്പെട്ടതെന്നും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചുള്ള കിറ്റ് വിതരണം നടക്കുന്നുണ്ടെന്നും റേഷന്‍ കടയുടമകള്‍ അറിയിച്ചിട്ടുണ്ട്. മുമ്പും ഇത്തരത്തില്‍ കിറ്റ് വിതരണത്തില്‍ സാങ്കേതിക തകരാര്‍ നേരിട്ടിരുന്നു. തകരാര്‍ ഉടന്‍ തന്നെ പരിഹരിച്ച് കിറ്റ് വിതരണം സുഗമമാക്കാന്‍ ശ്രമം തുടങ്ങി.
സെപ്റ്റംബര്‍ 7 വരെയാണ് കിറ്റുകളുടെ വിതരണം. 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. ഇന്നും നാളെയും മഞ്ഞക്കാര്‍ഡുടമകള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. 14ഇനം സാധനങ്ങളടങ്ങിയതാണ് കിറ്റ്. അതേസമയം കോവിഡ് കാലത്തടക്കം വിതരണം ചെയ്ത കിറ്റുകളുടെ കമ്മിഷന്‍ തുക ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലാണ് റേഷന്‍ കടയുടമകള്‍.