കാമറ വാടകയ്ക്ക് എടുത്ത് മുങ്ങുന്ന യുവാവ് കൊല്ലത്ത് പിടിയിൽ; പത്തിലധികം കാമറകൾ തട്ടിയെടുത്തതായി പരാതി
ഇടുക്കി വാഴവര നിർമലസിറ്റി സ്വദേശിയാണ് പിടിയിലായ ആനന്ദ്
കൊല്ലം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് കാമറകൾ വാടകയ്ക്ക് എടുത്ത് മുങ്ങുന്ന യുവാവ് കൊല്ലത്ത് പിടിയിലായി. ഇടുക്കി വാഴവര സ്വദേശി ആനന്ദ് സുരേന്ദ്രനെ പരാതിക്കാർ പിടികൂടി പുനലൂർ പൊലീസിൽ ഏൽപ്പിച്ചു. വിവിധ ആളുകളിൽ നിന്നായി ലക്ഷങ്ങൾ വില വരുന്ന പത്തിലധികം കാമറകൾ ഇയാൾ തട്ടിയെടുത്തതായി പരാതിക്കാർ പറഞ്ഞു.
വിലപിടിപ്പുള്ള കാമറകൾ വാടകയക്ക് എടുത്ത് മുങ്ങുകയായിരുന്നു ആനന്ദിന്റെ തട്ടിപ്പിന്റെ രീതി. കാമറ വാടകയ്ക്ക് എടുക്കാനായി ഇയാൾ നൽകിയിരുന്ന തിരിച്ചറിയൽ കാർഡാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഇടുക്കി വാഴവര നിർമലസിറ്റി സ്വദേശിയാണ് പിടിയിലായ ആനന്ദ്. തട്ടിപ്പിനിരയായ തിരുവനന്തപുരം ആര്യനാട് സ്വദേശി സതീറിന്റെ തന്ത്രമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.
ഏഴ് വർഷമായി ആനന്ദ് സമാന തട്ടിപ്പ് നടത്തുന്നുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. മരട്, ആര്യനാട്, ബത്തേരി, ആലപ്പുഴ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ട്. ആനന്ദ് പിടിയിലായത് അറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേർ സ്റ്റേഷനിലെത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ തുടർ നടപടികൾക്കായി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.