ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കുമെന്ന് മുഖ്യമന്ത്രി, രാഷ്ട്രീയമായി പ്രതികരിക്കാനില്ലെന്ന് ഗവർണർ

രാജ്യത്തോടുള്ള സംഘപരിവാറിന്റെ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ്

Update: 2024-09-18 13:54 GMT
Advertising

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാനുള്ള തീരുമാനം ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കുമെന്നും ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ തച്ചുതകർക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 

അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിൽ രാഷ്ട്രീയമായി തനിക്ക് ഒന്നും പറയാൻ ഇല്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് ​ഗവർണർ നിലപാട് വ്യക്തമാക്കിയത്. പിണറായി വിജയന് ആർഎസ്എസ് അജണ്ടയെ കുറിച്ച് കൂടുതൽ അറിവുണ്ടാകുമെന്നും അതാകും അങ്ങനെ പ്രതികരിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിഷയത്തിൽ രാഷ്ട്രീയമായി സംസാരിക്കാൻ താൻ ആളല്ലെന്നും ​ഗവർണർ വ്യക്തമാക്കി.

'രാജ്യത്തോടുള്ള സംഘപരിവാറിന്റെ വെല്ലുവിളി' യാണ് എന്ന അഭിപ്രായം പറഞ്ഞാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തുവന്നത്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന തലതിരിഞ്ഞ ആശയമാണിതെന്നും ബിജെപിയും സംഘപരിവാറും ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നും സതീശൻ ആരോപിച്ചു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അസാധ്യമാണെന്നും ഇന്ത്യയുടെ പ്രത്യേകത അട്ടിമറിക്കാൻ ആര് വിചാരിച്ചാലും കഴിയില്ലെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രയോഗികമല്ലെന്നും അത് നടപ്പിലാക്കാൻ 18 ഭരണഘടനാ ഭേദഗതികൾ വേണമെന്നും കോൺ​ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ബഹുസ്വര രാജ്യത്ത് ഇത് നടക്കില്ലെന്നും അത് മനസിലാക്കാൻ ചരിത്ര വിദഗ്ധർ ആവേണ്ട കാര്യമില്ലെന്നും തരൂർ പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News