റഷ്യൻ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശൂര്‍ സ്വദേശികളിലൊരാള്‍ മോസ്കോയിലെത്തി
തൃശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ ആണ് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്
തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മോസ്കോയിൽ എത്തി . റഷ്യൻ അധിനിവേശ യുക്രൈനിൽ നിന്നും തൃശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ ആണ് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്.
യുക്രൈൻ ഷെല്ലാക്രമണത്തിൽ ജെയിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ കുട്ടനെല്ലൂർ സ്വദേശിനെ ബിനിലിനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. ജെയിൻ തന്നെയാണ് മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.
ജെയിന്‍ കുര്യന്‍റെയും ബിനില്‍ ബാബുവിന്‍റെയും വിവരങ്ങൾ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയോട് റഷ്യൻ എംബസി തേടിയിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെടൽ. പാസ്പോർട്ട് വിശദാംശങ്ങളും രേഖകളും വീട്ടുകാരിൽ നിന്നും ബാവ ശേഖരിച്ചിരുന്നു. റഷ്യൻ സർക്കാരിൻ്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏറ്റുവാങ്ങിയ ചടങ്ങിൽ കാതോലിക്കാ ബാവ റഷ്യൻ അംബാസിഡറോട് സഹായം അഭ്യർഥിച്ചിരുന്നു.
ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. എന്നാല്‍ മലയാളി ഏജന്‍റ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്‍റെ കൂട്ടത്തില്‍പെടുകയായിരുന്നു. ഇന്ത്യൻ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാൻഡർക്ക് നൽകിയെങ്കിലും ഓര്‍ഡർ മടക്കി അയക്കുകയാണ് ഉണ്ടായത്.