എറണാകുളം അങ്കമാലി-അതിരൂപതയിലെ സംഘർഷത്തിന് താല്‍ക്കാലിക വിരാമം; 21 വൈദികരുടെ പ്രാർഥന യജ്ഞം പിന്‍വലിച്ചു
കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികർ സമരത്തിൽ നിന്ന് പിന്മാറിയത്
കൊച്ചി: സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ സംഘർഷത്തിന് താൽക്കാലിക പരിഹാരം. 21 വൈദികരുടെ പ്രാർഥന യജ്ഞം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ചർച്ചയിൽ പിൻവലിച്ചു. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികർ സമരത്തിൽ നിന്ന് പിന്മാറിയത്.
സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ സമവായത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചന നൽകുന്നതായിരുന്നു രണ്ടര മണിക്കൂർ നീണ്ട ചർച്ച. പ്രാർഥന യജ്ഞത്തിലുണ്ടായിരുന്ന 21 വൈദികരുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പും മേജർ ആർച്ച് ബിഷപ്പിന്‍റെ വികാരിയുമായ മാർ ജോസഫ് പാംപ്ലാനി നേരിട്ടെത്തി ചർച്ച നടത്തി. തുടർന്നാണ് പ്രാർഥന യജ്ഞം അവസാനിപ്പിക്കാൻ വൈദികർ തീരുമാനിച്ചത്. 21 വൈദികരുടെ സഹനത്തിന് ഫലമുണ്ടായെന്ന് ചർച്ചയ്ക്ക് ശേഷം അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പ്രതികരിച്ചു. കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ചു. വൈദികർക്കെതിരായ ശിക്ഷ നടപടികളുടെ തുടർനടപടികൾ വിഷയം പഠിച്ച ശേഷം മാത്രമേ ഉണ്ടാകൂയെന്ന് ആർച്ച് ബിഷപ്പ് ഉറപ്പ് നൽകിയെന്നും ഫാദർ കുര്യാക്കോസ് മുണ്ടാടൻ.
പ്രശ്നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് മാർ ജോസഫ് പാംപ്ലാനി രാത്രി തന്നെ വൈദികരുമായി നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചത്. വൈദികർക്കെതിരെ കേസെടുത്തത് ചർച്ച ചെയ്തിട്ടില്ലെന്നും, ബിഷപ്പ് ഹൗസിലെ പൊലീസ് സാന്നിധ്യം കുറയ്ക്കുമെന്നും സെൻട്രൽ എസിപി സി.ജയകുമാർ വ്യക്തമാക്കി.