വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം; ആടിനെ കൊന്നു
പ്രദേശത്ത് കൂട് സ്ഥാപിച്ച വനം വകുപ്പ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി
വയനാട്: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം. കേശവൻ എന്നയാളുടെ ആടിനെയാണ് കടുവ ഇന്ന് പുലർച്ച കൊന്നത് . പ്രദേശത്ത് കൂട് സ്ഥാപിച്ച വനം വകുപ്പ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. കുംകി ആനകളെ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായാണ് തിരച്ചിൽ. നേരത്തെ കടുവയുടെ ആക്രമണമുണ്ടായ അമരക്കുനിയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് പുതിയ സംഭവം.
കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. കടുവയെ ജനങ്ങൾ കണ്ടിട്ടുണ്ട്. കടുവയ്ക്കായി വനം വകുപ്പിന്റെ ടീമുകൾ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ കാപ്പി സെറ്റ്, തൂപ്ര, അമരക്കുനി പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രാവിലെ തന്നെ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകർ. കടുവ ഭീതിയെ തുടര്‍ന്ന് വയനാട്, അമരക്കുനി മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.