പെണ്‍കുട്ടികളെ കാണാതായ കേസ്: അറസ്റ്റിലായ യുവാക്കളില്‍ ഒരാള്‍ സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു

രക്ഷപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്

Update: 2022-01-29 13:35 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കുട്ടികളെ കാണാതായ കേസിൽ ഒരു പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ പ്രതികളിലൊരാളായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയെയാണ് സ്റ്റേഷനിൽനിന്ന് കാണാതായത്.

ഇന്നു വൈകീട്ടാണ് പ്രതികളായ ഫെബിനെയും കൊല്ലം സ്വദേശി ടോം തോമസിനെയും വൈദ്യപരിശോധനയ്ക്കുശേഷം പൊലീസ് ചേവായൂർ സ്റ്റേഷനിലെത്തിച്ചത്. പിന്നീട് ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനിരിക്കവെയാണ് പ്രതിയെ കാണാതായത്. സംഭവസമയത്ത് പ്രതികളുടെ ബന്ധുക്കൾ സ്റ്റേഷനിലുണ്ടായിരുന്നുവെന്നാണ് വിവരം.

സ്റ്റേഷന്‍റെ പിൻവശത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തുകൂടിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവസമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നു. സ്റ്റേഷൻ വളപ്പിലും സമീപപ്രദേശങ്ങളിലുമെല്ലാം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ വച്ച് പെൺകുട്ടികൾക്കൊപ്പം രണ്ട് യുവാക്കളെയും പിടികൂടിയത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്തിച്ച് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കേസില്‍  പെൺകുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. അഞ്ചുപേരുടെ മൊഴി നേരിട്ടും ഒരു പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അവരുടെ മൊഴി വിഡിയോ കോൺഫറൻസ് വഴിയുമാണ് രേഖപ്പെടുത്തിയത്.

ബുധനാഴ്ച കാണാതായ ആറുപേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽനിന്നും നാലുപേരെ മലപ്പുറം എടക്കരയിൽനിന്നുമാണ് കണ്ടെത്തിയത്. ബാലികാമന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ട് ബംഗളൂരുവിലെത്തിയ ആറുപെൺകുട്ടികളിൽ നാലുപേരാണ് ഇന്നലെ ഐലൻഡ് എക്സ്പ്രസ് വഴി പാലക്കാട്ടെത്തിയത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News