നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ്
തീരുമാനം ആർ.ടി.ഒമാരുടെ യോഗത്തിൽ
തിരുവനന്തപുരം:ഡ്രൈവിങ് ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്ക് ഇരുട്ടടി. നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ 50 പേർക്ക് മാത്രമേ ടെസ്റ്റ് നടത്തൂ. ഇന്ന് ചേർന്ന ആർ.ടി.ഒമാരുടെ യോഗത്തിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറാണ് നിർദേശം നൽകിയത്. നിലവിൽ 150 പേർക്ക് ഒരു ദിവസം ടെസ്റ്റ് നടത്താറുണ്ട്. ഇതാണ് 50ലേക്ക് ചുരുക്കിയിരിക്കുന്നത്. എന്നാൽ ഈ അപേക്ഷകരെ എങ്ങനെ തിരഞ്ഞെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് വ്യക്തതയില്ല. അതേസമയം, ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തിൽ പങ്കെടുത്തില്ല.
അതേസമയം, ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറുകൾ തിരുത്താൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. അതോടൊപ്പം ഇനി മന്ത്രി കണ്ട് അംഗീകാരം നൽകുന്ന സർക്കുലർ മാത്രമേ ഗതാഗത കമ്മീഷണർ ഇറക്കാവൂവെന്നും അറിയിച്ചു. ആൻറണി രാജു സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് കെ.ബി ഗണേഷ്‌കുമാർ ഗതാഗത മന്ത്രിയായത്. എന്നാൽ ഇതിന് ശേഷമെടുത്ത പല തീരുമാനങ്ങളും നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു. ഇലക്ട്രിക് ബസ് നഷ്ടത്തിലാണെന്നതടക്കമുള്ള വാക്കുകൾ വലിയ വിവാദം സൃഷ്ടിച്ചു.
അതേസമയം, ഗണേഷ് കുമാർ വന്ന ശേഷം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. മാറ്റങ്ങൾ മെയ് ഒന്ന് മുതലാണ് പ്രബല്യത്തിൽ വരിക. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യാനുള്ള ഡാഷ്‌ബോർഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്‌കരിച്ച ടെസ്റ്റിനുള്ളത്.
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കുമെന്നതാണ് കെ.ബി ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റയുടൻ പ്രഖ്യാപിച്ചത്. ഇതിനായി 10 അംഗ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ട് വിശദമായി പഠിച്ചാണ് പരിഷ്‌കാരങ്ങൾ വരുത്തിയത്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കൈ കൊണ്ട് ഗിയറ് പ്രവർത്തിപ്പിക്കുന്ന വാഹനത്തിന് പകരം കാലിൽ ഗിയറുള്ള വാഹനം നിർബന്ധമാക്കി. കാർ ലൈസൻസ് എടുക്കാൻ ഓട്ടോമാറ്റിക് ഗിയറുള്ള വാഹനം, ഇലക്ട്രിക് വാഹനം ഉപയോഗിക്കാൻ പാടില്ല.
നേരത്തെ കാറിന്റെ ലൈസൻസ് എടുക്കാൻ 'എച്ച്' മാത്രം മതിയായിരുന്നു. ഇനി വെറും 'എച്ച്' അല്ല എടുക്കേണ്ടത്. ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിർത്തുന്നതും പുറകോട്ട് എടുക്കുന്നതും കൂടി ഗ്രൗണ്ട് ടെസ്റ്റിൽ ഉൾപ്പെടുത്തി. റോഡ് ടെസ്റ്റ് ഗ്രൗണ്ടിലെടുക്കാതെ റോഡിൽ തന്നെ നടത്തണം.ഡ്രൈവിങ് സ്‌കൂളുകൾ കൊണ്ടുവരുന്ന വാഹനത്തിൽ ഡാഷ്‌ബോർഡ് ക്യാമറ ഉണ്ടായിരിക്കണം. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനത്തിൽ ഡ്രൈവിങ് പരിശീലിപ്പിക്കരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പരിഷ്‌കരിച്ച ടെസ്റ്റ് നടത്താനുള്ള ഗ്രൗണ്ട് എവിടെ, എങ്ങനെ തയ്യാറാക്കും എന്നത് മോട്ടോർ വാഹന വകുപ്പിനും ഡ്രൈവിങ് സ്‌കൂളുകൾക്കും ഒരു പോലെ വെല്ലുവിളിയാണ്.