സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം; ചെലവാക്കപ്പെട്ടിട്ടുള്ളത് 54 ശതമാനം പദ്ധതി വിഹിതം
38629 കോടി രൂപയാണ് ആകെ വാര്‍ഷിക പദ്ധതി തുക
തിരുവനന്തപുരം: പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് സംസ്ഥാനം കാതോര്‍ക്കുമ്പോഴും ഈ സാമ്പത്തിക വര്‍ഷകത്തിലെ പദ്ധതി വിഹിതം ചെലവഴിക്കലില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴും 54 ശതമാനം മാത്രമാണ് പദ്ധതി വിഹിതം ചെലവാക്കപ്പെട്ടിട്ടുള്ളത്.
38629 കോടി രൂപയാണ് ആകെ വാര്‍ഷിക പദ്ധതി തുക. ഇതില്‍ 54.79 ശതമാനം മാത്രമാണ് ഇതുവരെയുള്ള പദ്ധതി വിനിയോഗം. അതായത് പാതിവഴിയില്‍ കിതയ്ക്കുന്നുവെന്ന് വ്യക്തം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച 8258 കോടിയിലും ചെലവഴിക്കപ്പെട്ടത് 56.96 ശതമാനം മാത്രം. സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട സാമൂഹിക ക്ഷേമ പദ്ധതിയായ വീടുകള്‍ വെച്ചു നല്‍കുന്ന ലൈഫ് മിഷനായി വകയിരുത്തിയ 717 കോടിയില്‍ ചെലവഴിച്ചതും നാമമാത്രമായ തുകയാണ്. 3.76 ശതമാനം മാത്രമാണ് ഇതിലെ പദ്ധതി വിനിയോഗം. സാമൂഹിക നീതി വകുപ്പിന് കീഴില്‍ രോഗികളുടെ പരിചരിക്കുന്നവര്‍ക്ക് അടക്കം പണം നല്‍കുന്ന ആശ്വാസ കിരണം പദ്ധതിയും ഇഴഞ്ഞ് തന്നെ നീങ്ങുന്നുവെന്ന് ആസൂത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ പറയുന്നു. 54 കോടിയുടെ നീക്കിവെച്ചതില്‍ ചെലവഴിക്കപ്പെട്ടത് 27.6 ശതമാനം തുകയാണ്.കുടുംബശ്രീ മുതല്‍ പൊലീസ് വരെയുള്ളവയുടെ അവസ്ഥയും സമാനമാണ്.
മെല്ലപോക്കിന് കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. അതിനാല്‍ മാര്‍ച്ച് അവസാനത്തോടെ പദ്ധതി വിഹിതം ചെലവഴിക്കുന്ന പതിവ് പരിപാടി ഇത്തവണ പഴയത് പോലെ നടക്കില്ല. അതിനാല്‍ പലതും അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് നീട്ടേണ്ടി വരും.