വിഴിഞ്ഞത്ത് വികസന സ്വപ്നങ്ങൾക്ക് ചിറക് മുളക്കുമ്പോൾ ഉമ്മൻ ചാണ്ടിയെ വിസ്മരിക്കാനാകില്ല; വി.ഡി സതീശൻ
ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വി.ഡി സതീശനും ശശി തരൂർ എംപിയും ചടങ്ങിനെത്തിയത്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് വികസന സ്വപ്നങ്ങൾക്ക് ചിറക് മുളക്കുമ്പോള്‍ ഉമ്മൻ ചാണ്ടിയെ വിസ്മരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പദ്ധതിക്കായുള്ള എല്ലാ അനുമതികളും ഉമ്മൻചാണ്ടി വാങ്ങിയെടുത്തു. തുടർ സർക്കാർ ബാക്കി നടപടികൾ പൂർത്തിയാക്കി. വികസനത്തിന്റെ ഇരകൾക്ക് പുനരധിവാസം നീക്കി വച്ചത് ഉമ്മൻ ചാണ്ടിയാണെന്നും കപ്പൽ സ്വീകരണ ചടങ്ങിൽ വി ഡി സതീശൻ പറഞ്ഞു. സദസ്സിൽ നിന്ന് വി ഡി സതീശന് അനുകൂലമായി മുദ്രാവാക്യം വിളിച്ചയാളെ പൊലീസ് പുറത്താക്കിയെങ്കിലും അൽപസമയത്തിന് ശേഷം തിരികെ കയറ്റി.
ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വി.ഡി സതീശനും ശശി തരൂർ എം.പിയും ചടങ്ങിനെത്തിയത്. അതേസമയം വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിനെ ഔദ്യോഗികമായി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പദ്ധതിയെ തകർക്കാൻ അന്താരാഷ്ട്ര ലോബികൾ പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലത്തീൻ സഭ വിഴിഞ്ഞം ഇടവക വികാരി ടി.നിക്കോളാസ് ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങിനെത്തിയില്ല. 12ന് തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് ചരക്ക് കപ്പലായ ഷെന്‍ഹുവ 15നെയാണ് സര്‍വ സന്നാഹവുമായി കേരള സര്‍ക്കാര്‍ വരവേറ്റത്.