ബഫർ സോൺ 12 കിലോമീറ്റർ വരെ ആക്കണമെന്ന് ഉമ്മൻചാണ്ടി സർക്കാർ തീരുമാനമെടുത്തു; കുറിപ്പ് മീഡിയവണിന്
2013 മെയ് 8 ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്
തിരുവനന്തപുരം: ബഫർ സോൺ പൂജ്യം മുതൽ 12 കിലോമീറ്റർ വരെ ആക്കണമെന്ന് ഉമ്മൻചാണ്ടി സർക്കാർ തീരുമാനമെടുത്തു. 2013 മെയ് 8 ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. വനപ്രദേശത്തിന് പുറത്തുള്ള ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കി സംരക്ഷിത മേഖലകൾക്ക് ചുറ്റും പൂജ്യും മുതൽ 12 കിലോമീറ്റർ വരെ പാരിസ്ഥിതിക സംവേദക മേഖലകളായി വിജ്ഞാപനം ചെയ്യാനാണ് യു.ഡി.എഫ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിന്‍റെ കുറിപ്പ് മീഡിയവണിന് ലഭിച്ചു.
ബഫർ സോണിൽ രാഷ്ട്രീയ പോര് കനക്കുന്നു
ഉമ്മൻ ചാണ്ടി സർക്കാർ ബഫർ സോൺ 12 കിലോമീറ്റർ വരെയാക്കാൻ തീരുമാനിച്ചെന്ന എൽ.ഡി.എഫ് വാദത്തിന് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. 2013 ൽ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചത് ജനവാസ മേഖലയെ ഒഴിവാക്കാനാണെന്നും ഇക്കാര്യം 2019ലെ സർക്കാർ ഉത്തരവിലുണ്ടെന്നുമാണ് കോൺഗ്രസ് വാദം. 2015ലെ കരട് നിർദേശം കേന്ദ്രത്തിന് നൽകി. 2016ൽ കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതെ കാലഹരണപ്പെടുത്തിയത് ഇടത് സർക്കാരാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.