ഉമ്മൻചാണ്ടിയെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി; കൂടിക്കാഴ്ച ഇന്ന്
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ, നേതൃമാറ്റത്തെ തുടർന്നുള്ള സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉമ്മൻചാണ്ടി രാഹുൽ ഗാന്ധിയോട് വിശദീകരിക്കും.
മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് പദവികളിലെ മാറ്റത്തിൽ അതൃപ്തനായ ഉമ്മൻചാണ്ടിയെ അനുനയിപ്പിക്കുന്നതിനാണ് രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രമേശ് ചെന്നിത്തലയുടെ ആശങ്കകൾ പരിഹരിക്കാനും നേരത്തെ രാഹുൽ ചർച്ച നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ, നേതൃമാറ്റത്തെ തുടർന്നുള്ള സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉമ്മൻചാണ്ടി രാഹുൽ ഗാന്ധിയോട് വിശദീകരിക്കും. പാർട്ടിക്കുള്ളിൽ അടിമുടി മാറ്റം കൊണ്ടുവരുമെന്ന രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം വിശദീകരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും അടുത്ത ദിവസം ഡൽഹിയിലെത്തും.
മുരളീധരനെ അനുനയിപ്പിക്കാന്‍ കെ സുധാകരന്‍
കെപിസിസി ഭാരവാഹികളെ നിശ്ചയിക്കല്‍ കോൺഗ്രസ് നേതൃത്വത്തിന് വെല്ലുവിളിയാവും. 51 അംഗ നിര്‍വാഹക സമിതിയെന്ന കെ സുധാകരന്‍റെ ആഗ്രഹത്തിനൊപ്പം നിന്നവരെല്ലാം ഗ്രൂപ്പ് പരിഗണന പൂര്‍ണമായും വേണ്ടെന്ന് വെക്കാന്‍ തയ്യാറാകുമോയെന്ന സംശയം ഇനിയും ബാക്കി നില്‍ക്കുന്നു. ഒപ്പം രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കാതെ ഇടഞ്ഞ് നില്‍ക്കുന്ന കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കവും കെപിസിസി അധ്യക്ഷന്‍ ആരംഭിച്ചു കഴിഞ്ഞു.
51 ഭാരവാഹികളെന്ന തീരുമാനം നടപ്പിലാക്കാന്‍ കഴിയുമോയെന്ന ചോദ്യത്തിന് തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ധാരണയുണ്ടാക്കിയായിരുന്നു രാഷ്ട്രീയകാര്യ സമിതിക്കായി കെ സുധാകരനെത്തിയത്. അതിനാല്‍ ജംബോ കമ്മറ്റി ഒഴിവാക്കാനുള്ള നീക്കത്തില്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ കാര്യമായ എതിര്‍പ്പ് ഉണ്ടായില്ല. രണ്ട് മാസത്തിനകം ഭാരവാഹികളെ നിശ്ചയിക്കാനാണ് തീരുമാനം. അതിലേക്ക് കടക്കുമ്പോള്‍ വെല്ലുവിളികള്‍ ഉയരുമെന്ന് ഉറപ്പ്. അര്‍ഹമായ പ്രതിനിധ്യം കെപിസിസി ഭാരവാഹികളിലും ഡിസിസികളിലും ലഭിച്ചില്ലെങ്കില്‍ ഇപ്പോള്‍ മൌനം പാലിക്കുന്ന ഗ്രൂപ്പുകള്‍ എതിര്‍പ്പ് ഉയര്‍ത്തും. അവരെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനായിരിക്കും സുധാകരന്റെ ശ്രമം.
ഭാരവാഹിത്വത്തിന് മെറിറ്റ് മാത്രമാണ് മാനദണ്ഡമെന്ന് സുധാകരന്‍ ആവര്‍ത്തിക്കുന്നു. സ്ഥാനം നഷ്ടമാകുന്നവരെ അനുനയിപ്പിക്കാനും എല്ലാ പാപഭാരവും സുധാകരന് മേല്‍ കെട്ടിവെക്കാനും ഗ്രൂപ്പ് മാനേജര്‍മാര്‍ ശ്രമിക്കുമെന്നതും ഉറപ്പാണ്. അതിനിടെ ഇടഞ്ഞ് നില്‍ക്കുന്ന കെ മുരളീധരനെ അനുനയിപ്പിക്കാന്‍ കെ സുധാകരന്‍ നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം. രാഷ്ട്രീയകാര്യ സമിതിക്ക് മുമ്പ് മുതിര്‍ന്ന നേതാക്കള്‍ ധാരണയിലെത്തുന്ന സംവിധാനം മിനി കമ്മറ്റിയാണെന്നാണ് കെ മുരളീധരന്റെ നിലപാട്. യുഡിഎഫ് കണ്‍വീനര്‍ പദവി ആഗ്രഹിക്കുന്ന മുരളീധരന്‍ തല്‍ക്കാലം പരസ്യ വിമര്‍ശനം ഉയര്‍ത്തില്ല.