"പാവങ്ങളുടെ അത്താണിയായിരുന്നു, അത്രമേൽ ഇഷ്‌ടമായിരുന്നു ആ മനുഷ്യനെ"; അന്ന് ഉമ്മൻചാണ്ടിയെ കെട്ടിപ്പിടിച്ച ദേവേന്ദ്രൻ പറയുന്നു

കോട്ടയത്തെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ മൃതദേഹം ആദ്യം പൊതുദർശനത്തിന് വെക്കുന്ന തിരുനക്കര മൈതാനിയിൽ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്

Update: 2023-07-19 06:57 GMT
Editor : banuisahak | By : Web Desk
Advertising

മലപ്പുറം: ഒരു പൊതുവേദിയിൽ വെച്ച് ഉമ്മൻചാണ്ടിയെ കെട്ടിപ്പിടിച്ച കെവി ദേവേന്ദ്രന് ഈ വിയോഗവാർത്ത ഉണ്ടാക്കിയ വേദന വളരെ വലുതാണ്. അദ്ദേഹത്തോടുള്ള അടങ്ങാത്ത ആരാധന കണ്ടാണ് തിരുവനന്തപുരത്തെത്തി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം അവസാനമായി കണ്ട് അന്ത്യാഞ്ജലി അർപ്പിക്കാൻ ദേവേന്ദ്രൻ ഓടിയെത്തിയത്. ഇനി ഇങ്ങനെയൊരു നേതാവ് ഉണ്ടാകില്ലെന്ന് ദേവേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. 

"കുഞ്ഞാലിക്കുട്ടി സാഹിബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടോട്ടി എൻഎച്ച് കോളനി ഭാഗത്ത്  പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചത്. അടുത്തുകണ്ടപ്പോൾ പെട്ടെന്ന് വാരിപ്പുണർന്നതാണ്. അത്രമേൽ ഇഷ്ടമായിരുന്നു ആ മനുഷ്യനെ"; കണ്ണീരടക്കാനാകാതെ ദേവേന്ദ്രൻ പറഞ്ഞു. 

വിയോഗവാർത്ത അറിഞ്ഞതിനെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല ദേവേന്ദ്രന്. കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. കേരളത്തിലെ ജനങ്ങൾക്ക് തീരാനഷ്ടമാണെന്നും പാവങ്ങൾക്ക് അത്താണിയായിരുന്നു അദ്ദേഹമെന്നും ദേവേന്ദ്രൻ പറഞ്ഞു. 

കോട്ടയത്തെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ മൃതദേഹം ആദ്യം പൊതുദർശനത്തിന് വെക്കുന്ന തിരുനക്കര മൈതാനിയിൽ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരുനോക്കുകാണാൻ കോട്ടയത്തെ തിരുനക്കര മൈതാനിയിലേക്ക് ആളുകൾ എത്തിത്തുടങ്ങി.

വിലാപയാത്ര വൈകിട്ട് ഏഴ് മണിക്ക് കോട്ടയത്തെത്തും. വൈകിട്ട് അഞ്ചുമണിയോടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, വിലാപയാത്ര പുറപ്പെട്ടത് മുതൽ റോഡരികിൽ വൻ ജനക്കൂട്ടമായിരുന്നു പ്രിയ നേതാവിനെ കാത്തുനിന്നത്. എല്ലാവർക്കും അവസാനമായി കാണാൻ അവസരമുണ്ടാക്കുന്നതിനായി വളരെ പതുക്കെയാണ് വിലാപയാത്ര പോകുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News