പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാസപ്പടി വിവാദം ഉയർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

വീണ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയും മന്ത്രി റിയാസും മറുപടി പറയണമെന്ന് വി.ഡി സതീശൻ പറഞ്ഞു

Update: 2023-08-16 11:18 GMT
Advertising

കോട്ടയം: പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാസപ്പടി വിവാദം ഉയർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ അഴിമതി തെരഞ്ഞെടുപ്പിൽ ഉയർത്തും. വീണ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയും മന്ത്രി റിയാസും മറുപടി പറയണം. മുഖ്യമന്ത്രി ആറ് മാസമായി മാധ്യമങ്ങളെ കാണാറില്ലെന്നും അദ്ദേഹം ഒരു ആകാശവാണിയായി പ്രവർത്തിക്കുകയാണെന്നും സതീശൻ പറഞ്ഞു.

മാസപ്പടി വിവാദത്തെ സജീവമായി നിലനിർത്തി കൊണ്ട് മുഖ്യമന്ത്രിക്കെതിരെയുള്ള മുഴുവൻ അഴിമതി ആരോപണങ്ങളെയും പുറത്തു കൊണ്ടു വരുന്ന രീതിയിയാരിക്കും യു.ഡി.എഫ് സ്വീകരിക്കുകയെന്നാണ് വി.ഡി സതീശൻ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള ആറ് അഴിമതി ആരോപണങ്ങൾ മുന്നോട്ടു വെച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചരണവും വിലക്കയറ്റം അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കുറ്റപത്രവും ഉയർത്തി കൊണ്ടുള്ള കൃത്യമായ രാഷ്ട്രീയ പോരാട്ടമായിരിക്കും പുതുപ്പള്ളിയിൽ യു.ഡി.എഫ് മുന്നോട്ടുവെക്കുക.

അതേസമയം പുതുപ്പള്ളിയിൽ ഏത് വികസനത്തെയും കുറിച്ച് ചർച്ചക്ക് തയ്യാറെന്നും വി.ഡി സതീശൻ പറഞ്ഞു. എന്നാൽ എന്ത് വികസനത്തെ കുറിച്ച് പറയാനാണ് സംസ്ഥാന സർക്കാറിന് അവകാശം എന്നാണ് സതീശൻ ചോദിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കാതെ ഒരു ആകാശവാണി നിലയം പോലെ പ്രവർത്തികുകയാണ് മുഖ്യമന്ത്രി. ഇത്തരത്തിൽ സർക്കാറിനെ പ്രതി സ്ഥാനത്ത് നിർത്തി കൊണ്ടുള്ള കുറ്റ വിചാരണയായിരിക്കും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്വീകരിക്കുക.

നാമ ജപയാത്ര കേസ് പിൻവലിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ശബരിമല, പൗരത്വ കേസുകളും പിൻവലിക്കണമെന്നും സതീശൻ പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയിലെ തർക്കം തീർത്തിട്ട് കോൺഗ്രസിനെ കുറ്റം പറഞ്ഞാൽ മതിയെന്നും യു.ഡി.ഫ് അജണ്ട സി.പി.എം തീരുമാനിക്കണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News