'ചെന്നിത്തല ചേട്ടനെ പോലെ'; പരിഭവം മാറ്റാൻ നേരിട്ടെത്തി വിഡി സതീശൻ, അനുനയിപ്പിച്ച് മടങ്ങി
യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ വിളിക്കാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചതാണ് അനുനയത്തിന് കാരണം
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇന്ന് രാവിലെ ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ വിളിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചതാണ് അനുനയത്തിന് കാരണം.
അതൃപ്തിയെത്തുടർന്ന് പ്രതിപക്ഷ നേതാവിന്റെ വിരുന്നിൽ പങ്കെടുക്കാതെ ചെന്നിത്തല മടങ്ങിയിരുന്നു. ചെന്നിത്തലയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സഹോദരബന്ധമാണുള്ളതെന്നും വി.ഡി.സതീശൻ പ്രതികരിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം അവലോകനം ചെയ്യാൻ കൂടിയ യു.ഡി.എഫ്. ഏകോപനസമിതി യോഗത്തിനു ശേഷം കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചതാണ് ചെന്നിത്തല മടങ്ങിയത്. യോഗത്തിൽ പങ്കെടുത്തെങ്കിലും സംസാരിക്കാൻ മുതിർന്ന നേതാവായ ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. ഇതാണ് അതൃപ്‌തിക്ക് കാരണമായത്. യോഗത്തിന് ശേഷമുള്ള വിരുന്നിൽ പങ്കെടുക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
യുഡിഎഫ് യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്കുള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴും തന്നെ മാറ്റിനിർത്തിയതാണ് ചെന്നിത്തലക്ക് നീരസമുണ്ടാക്കിയത്. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് ശേഷം നയപരമായ കാര്യങ്ങളില്‍ ചെന്നിത്തലയോട് അഭിപ്രായം ചോദിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് സംഭവം.
തുടർന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് നേരിട്ടെത്തി അദ്ദേഹത്തെ കണ്ടത്. ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം തൃപ്തനാണെന്നും വിഡി സതീശൻ അറിയിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തലക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചാണ് വിഡി സതീശൻ നിയമസഭയിലേക്ക് തിരിച്ചത്.