ഇന്ധനസെസിൽ ആളിക്കത്തി പ്രതിപക്ഷ പ്രതിഷേധം: സഭാ കവാടത്തിൽ എം.എൽ.എമാരുടെ സത്യാഗ്രഹം
ജനങ്ങൾക്കു മേൽ ഇടിത്തീപോലെ പെയ്തിറങ്ങിയ ദുരന്തമാണ് ബജറ്റ് പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി
തിരുവനന്തപുരം: ഇന്ധനവില വർധിപ്പിക്കുന്ന ബജറ്റ് നിർദേശത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. നിയമസഭയ്ക്കുള്ളിൽ നാല് എം.എൽ.എമാർ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ജനങ്ങൾക്കു മേൽ ഇടിത്തീപോലെ പെയ്തിറങ്ങിയ ദുരന്തമാണ് ബജറ്റ് പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് മുന്നോട്ടു പോകാൻ നികുതി അനിവാര്യമെന്നു പറഞ്ഞ ധനമന്ത്രി യു.ഡി.എഫ് നിലപാട് ബി.ജെ.പിയെ പിന്തുണയ്ക്കുന്നതാണെന്നും ആരോപിച്ചു.
ഇന്ധനവിലയിൽ പ്രതിഷേധം ശക്തമാക്കാൻ രാവിലെ ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യേഗത്തിലാണ് തീരുമാനിച്ചത്. പ്ലക്കാർഡുകളുമായെത്തിയ പ്രതിപക്ഷം ചോദ്യോത്തര വേളയിൽത്തന്നെ നിലപാട് വ്യക്തമാക്കി. സഭാ നടപടികളോട് സഹകരിച്ചു കൊണ്ട് പ്രതിഷേധിക്കുക എന്നതായിരുന്നു തന്ത്രം. ബജറ്റിന്റെ പൊതുചർച്ച തുടങ്ങിവെയ്ക്കാൻ ഡെപ്യൂട്ടി സ്പീക്കറെ സ്പീക്കർ ക്ഷണിച്ചതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു.
സർക്കാരിനെതിരായ രൂക്ഷമായ വിമർശനത്തിനു പിന്നാലെ സമര പ്രഖ്യാപനം നടത്തി. അതേസമയം കേന്ദ്രം 2700 കോടിയിലേറെ വെട്ടിക്കുറച്ചെന്നും നികുതിയില്ലാതെ എങ്ങനെ മുന്നോട്ടു പോകുമെന്നും ചോദിച്ച ധനമന്ത്രി നികുതി നിർദേശങ്ങളെ വീണ്ടും ന്യായീകരിച്ചു. ഇതിനിടെ സഭാ കവാടത്തിൽ പ്രതിപക്ഷ എം.എൽ.എമാർ സത്യാഗ്രഹം തുടങ്ങിയിരുന്നു. വരും ദിവസങ്ങളിലും സഭയ്ക്കു അകത്തും പുറത്തും പ്രതിഷേധം ശക്തമാകും. 13ന് 24 മണിക്കൂർ രാപകൽ സമരത്തിന് യു.ഡി.എഫ് നേതൃയോഗവും തീരുമാനിച്ചിട്ടുണ്ട്.