നഗരസഭയ്ക്കുള്ളിൽ പ്രതിപക്ഷ പ്രതിഷേധം; ഡെപ്യൂട്ടി മേയറെ തടഞ്ഞു

പൊലീസും കൗൺസിലർമാരും തമ്മിൽ വാക്കേറ്റമുണ്ടായി

Update: 2022-11-05 07:58 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ സംഘർഷം. ഓഫീസിലേക്കെത്തിയ ഡെപ്യൂട്ടി മേയറെ ബിജെപി കൗൺസിലർമാർ തടഞ്ഞു. പൊലീസും കൗൺസിലർമാരും തമ്മിൽ തർക്കമുണ്ടായി. വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുകയും പ്രതിഷേധക്കാരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പ്രവർത്തകരെ പൊലീസ് സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു നീക്കി.

295 താൽക്കാലിക തസ്തികകളിലേക്ക് മുൻഗണന പട്ടിക തയ്യാറാക്കി നൽകണമെന്നാവശ്യപ്പെട്ടാണ് മേയർ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.

ചില പാർട്ടി നേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി പരസ്യമായി പ്രചരിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പാർട്ടിയ്ക്കയച്ച കത്ത് പുറത്ത് വന്നതിനെ സിപിഎം നേതൃത്വം ഗൗരവമായിട്ടാണ് കാണുന്നത്. നഗരസഭയിലെ പാർലമെന്ററി പാർട്ടി ഓഫീസിൽ നിന്നാണ് കത്ത് പുറത്ത് പോയതെന്നാണ് സിപിഎം വിലയിരുത്തൽ. പാർലമെൻററി പാർട്ടി സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നത്. വ്യാജ കത്താണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി

പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന പ്രതിപക്ഷ ആക്ഷേപം നിലനിൽകുന്നതിനിടെ പുറത്ത് വന്ന കത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News