കെ.കെ രമയ്‌ക്കെതിരായ പരാമർശം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും; എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം
മണി തിരുത്താൻ തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണെന്ന് കെ.കെ രമ മീഡിയവണിനോട്
തിരുവനന്തപുരം:കെ.കെ രമയ്‌ക്കെതിരായ എം.എം മണിയുടെ പരാമർശം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും.എം.എം മണി മാപ്പു പറയുകയോ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇല്ലെങ്കിൽ ഇന്നത്തെ നടപടികളുമായി പ്രതിപക്ഷം സഹകരിച്ചേക്കില്ല.
എം. എം. മണി തിരുത്താൻ തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണെന്ന് കെ.കെ രമ മീഡിയവണിനോട് പറഞ്ഞു.എം.എം മണി ഇനി തിരുത്തുമെന്ന് കരുതുന്നില്ലെന്ന് കെ കെ രമ പറഞ്ഞു. ടി.പിചന്ദ്രശേഖരനെ കൊന്നത് സി.പി.എമ്മാണെന്നും കൊന്നത് ശരിയാണെന്ന് സ്ഥാപിക്കുകയാണ് മുഖ്യമന്ത്രിയെന്നും രമ കുറ്റപ്പെടുത്തി.
എം.എം മണിയുടെ അധിക്ഷേപം ഇന്നലെ സഭയിൽ പ്രതിപക്ഷത്തിൻറെ പ്രതിഷേധത്തിനും ബഹിഷ്‌കരണത്തിനും ഇടയാക്കി. പരാമർശം തിരുത്താൻ എം.എം മണി തയ്യാറായില്ല. എം.എം മണിയെ മുഖ്യമന്ത്രി ന്യായീകരിച്ചതും പ്രതിപക്ഷം ഗൗരവത്തിലെടുക്കുന്നു. അതിനാൽ എം.എം മണി മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനാണ് പ്രതിപക്ഷ തീരുമാനം. ഇന്ന് സഭയിൽ തുടക്കം മുതൽ വിഷയം ഉയർത്തും. മുഖ്യമന്ത്രിയുടെ നിലപാടും രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.