ഓര്‍ത്തഡോക്സ്- യാക്കോബായ സഭ തര്‍ക്കം; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയം
സുപ്രീംകോടതി വിധി നടപ്പിലാക്കാതെ ഇനിയൊരു ചര്‍ച്ചക്ക് ഇല്ലെന്ന് ഓര്‍ത്തഡോക്സ് സഭ സിനഡ് സെക്രട്ടറി യൂഹാനോന്‍മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു
കൊച്ചി: ഓര്‍ത്തഡോക്സ്- യാക്കോബായ സഭ തര്‍ക്കത്തില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയം. സുപ്രീംകോടതി വിധി നടപ്പിലാക്കാതെ ഇനിയൊരു ചര്‍ച്ചക്ക് ഇല്ലെന്ന് ഓര്‍ത്തഡോക്സ് സഭ സിനഡ് സെക്രട്ടറി യൂഹാനോന്‍മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ നാളെ ഹൈക്കോടതിയെ സമീപിക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഓര്‍ത്തഡോക്സ്- യാക്കോബായ സഭ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചത്. ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഓര്‍ത്തഡോക്സ് സഭ നിലപാട് ആവര്‍ത്തിച്ചു. സുപ്രീംകോടതി വിധി നിലനില്‍ക്കെ അത് നടപ്പിലാക്കാതെയുള്ള ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് ഓര്‍ത്തഡോക്സ് സഭ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഇനി ചര്‍ച്ചയില്ല. ചര്‍ച്ചകളിലൂടെ കോടതിവിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് ഓര്‍ത്തഡോക്സ് സഭ ആരോപിച്ചു.
നിയമനിര്‍മാണം നടത്തണമെന്ന യാക്കോബായ സഭയുടെ ആവശ്യത്തെയും ഓര്‍ത്തഡോക്സ് സഭ തള്ളി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തേണ്ടതെന്ന ചോദ്യവും ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചയില്‍ ഉന്നയിച്ചു. അതേസമയം നിയമനിര്‍മാണം നടത്തി അര്‍ഹതപ്പെട്ട പള്ളി തിരിച്ചു നല്‍കണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം.