ഇ.പി ജയരാജനെതിരെ പി. ജയരാജൻ; പാർട്ടിക്ക് രേഖാ മൂലം പരാതി നൽകും
കണ്ണൂർ നേതാക്കൾക്കിടയിൽ നേരത്തെയും ചില അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും കോടിയേരി സെക്രട്ടറി ആയിരുന്ന കാലത്ത് അത് നിഴലിച്ച് നിന്നിരുന്നില്ല
കണ്ണൂർ: ആയുർവേദ റിസോർട്ടിലെ സാമ്പത്തിക ക്രമക്കേടിൽ ഇപി ജയരാജനെതിരെ പി ജയരാജൻ പാർട്ടിക്ക് പരാതി നൽകും. പരാതി പരിശോധിക്കാൻ പാർട്ടികമ്മീഷനെ വെച്ചേക്കും. അതേസമയം പി. ജയരാജന്റെ ആരോപണബോംബ് സി.പി.എമ്മിൽ പുതിയ ചേരി രൂപപ്പെടുന്നതിന്റെ സൂചനയെന്ന് വിലയിരുത്തൽ. കണ്ണൂർ നേതാക്കൾക്കിടയിൽ കോടിയേരി രൂപപ്പെടുത്തിയിരുന്ന സമവായ ഫോർമുല നഷ്ടമായതിന്റെ തുടക്കമായും പി.ജെയുടെ ആരോപണത്തെ കാണുന്നവരുണ്ട്.
കണ്ണൂർ നേതാക്കൾക്കിടയിൽ നേരത്തെയും ചില അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും കോടിയേരി സെക്രട്ടറി ആയിരുന്ന കാലത്ത് അത് നിഴലിച്ച് നിന്നിരുന്നില്ല. മുന്നണിയിൽ ആയാലും പാർട്ടിയിൽ ആയാലും തർക്കങ്ങൾ ഉണ്ടെങ്കിൽ നയതന്ത്ര മികവോടെ അത് കോടിയേരി കൈകാര്യം ചെയ്തിരുന്നു. എന്നാൽ ആ ഫോർമുല നഷ്ടമായി എന്ന് വിളിച്ച് പറയുന്നതാണ് ഇ.പിക്കെതിരായ പി. ജയരാജന്റെ ആരോപണം. തന്നെക്കാൾ ജൂനിയറായ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയ ശേഷം പി.ബിയിൽ എടുത്തതോടെയാണ് ഇ.പിയുടെ പ്രശ്നം തുടങ്ങുന്നത്. എൽഡിഎഫ് കൺവീനർ ആയിട്ട് പോലും തിരുവനന്തപുരത്ത് വരാതെ അവധിയെടുത്ത് തന്റെ അതൃപ്തി പാർട്ടിയെ ബോധ്യപ്പെടുത്താൻ ഇ.പി ശ്രമിച്ചു. എന്നാൽ അനുനയിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ പോയില്ല. ഇതിനിടയിലാണ് ഇ.പിക്കെതിരെ പാർട്ടിയെ വെട്ടിലാക്കിയ പി. ജയരാജന്റെ ആരോപണം.