പി.ജയരാജന്റെ ഐഎസ് പ്രസ്താവന; പിണറായി വിജയനും എം.വി ഗോവിന്ദനും നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി

'' പാർട്ടി അനുഭാവികളും പ്രവർത്തകരും കൂട്ടത്തോടെ സംഘപരിവാർ പാളയത്തിലേക്ക് ഒഴുകിപ്പോകുന്നതിന് കാരണമായത് സിപിഎം സ്വീകരിച്ച ഇത്തരം തെറ്റായ നിലപാടുകളാണ്''

Update: 2024-09-19 05:34 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാരിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

' ജയരാജന്റെ അതേ നിലപാട് തന്നെയാണോ കേരള സർക്കാരിനും സിപിഎമ്മിനും ഉള്ളത് എന്ന് അറിയേണ്ടതുണ്ട്. കേരളത്തെ ലക്ഷ്യം വെച്ച് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന തുടർച്ചയായ നുണപ്രചാരണങ്ങളുടെ മെഗാഫോണുകൾ ആയി സിപിഎം നേതാക്കൾ മാറുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. ലൗ ജിഹാദ് പോലെയുള്ള സംഘപരിവാർ നിർമിതികൾ കേരളത്തിൽ പ്രചരിപ്പിച്ചതിൽ സിപിഎം നേതാക്കൾക്ക് കാര്യമായ പങ്കുണ്ട്.

ഇസ്‌ലാം ഭീതി ഉയർത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന സംഘ്പരിവാർ തന്ത്രത്തെ കോപ്പിയടിക്കാനാണ് ഇത് വഴി സിപിഎം ശ്രമിക്കുന്നത്. കഴിഞ്ഞ എട്ടുവർഷമായി കേരളത്തിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് ജയരാജന്റെ പാർട്ടിയാണ് .

കേരളത്തിൽ നിന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്ക് യുവാക്കൾ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് സർക്കാർ നൽകിയ മറുപടികൾക്ക് വിരുദ്ധമാണ് ഇപ്പോൾ ജയരാജൻ സ്വീകരിച്ചിട്ടുള്ള സമീപനം. പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കുന്നതിന് വേണ്ടി ഇസ്‌ലാം വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്താൻ സിപിഎം തീരുമാനിച്ചതിന്‍റെ ഭാഗമാണോ ജയരാജന്റെ ഈ പ്രസ്താവന എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുൻകാലങ്ങളിൽ സംഘപരിവാർ വാദങ്ങൾ ഏറ്റുപിടിച്ച് നടത്തിയ പ്രചാരണങ്ങൾ സിപിഎമ്മിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് അവർ തിരിച്ചറിയുന്നില്ല എന്ന് വേണം കരുതാൻ .

പാർട്ടി അനുഭാവികളും പ്രവർത്തകരും കൂട്ടത്തോടെ സംഘപരിവാർ പാളയത്തിലേക്ക് ഒഴുകിപ്പോകുന്നതിന് കാരണമായത് സിപിഎം സ്വീകരിച്ച ഇത്തരം തെറ്റായ നിലപാടുകളാണ്. അതു മനസ്സിലാക്കി ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ തയ്യാറാകുന്നതിന് പകരം വീണ്ടും അതേ വഴി തന്നെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സി.പിഎം. ചരിത്രത്തിന്റെ ഭാഗമായി മാറും. ലോകത്തെ ഏറ്റവും വലിയ തീവ്രവംശീയ ഭീകര സംഘടനയായ ആർഎസ്എസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യ ഭരിക്കുകയും ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജനവിഭാഗങ്ങളെയും നിരന്തരമായ വംശഹത്യക്ക് വിധേയമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിലാണ് കാര്യങ്ങളെ വഴിതിരിച്ചുവിടുന്ന രീതിയിൽ ജയരാജനെ പോലെയുള്ളവർ സംസാരിക്കുന്നത്. ഇത്തരം രാഷ്ട്രീയ വഞ്ചനകളെ തിരിച്ചറിയാൻ കേരളീയ സമൂഹത്തിന് കഴിയേണ്ടതുണ്ട്. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു .

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News